പ്രണാബ് മുഖര്‍ജിയുടെ നാഗ്പൂര്‍ യാത്ര

Posted on: June 10, 2018 8:58 am | Last updated: June 10, 2018 at 9:00 am
SHARE

രാഷ്ട്രപതിയായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസിന്റെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും തലമുതിര്‍ന്ന നേതാവാണ് പ്രണാബ് കുമാര്‍ മുഖര്‍ജി. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തിളക്കമാര്‍ന്ന മുഖമായി അവതരിപ്പിക്കപ്പെടുന്ന വ്യക്തികളിലൊരാള്‍. ഉയര്‍ന്ന ചരിത്രബോധമുള്ളയാള്‍. അങ്ങനെയൊരാള്‍ ആര്‍ എസ് എസിന്റെ ആസ്ഥാനത്ത് ചെന്ന് തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്‍മാരെ ആശീര്‍വദിച്ചതിനെ അങ്ങേയറ്റം പ്രതിഷേധത്തോടെയും അമര്‍ഷത്തോടെയും മാത്രമേ രാജ്യത്തെ മതേതരവിശ്വാസികള്‍ക്ക് കാണാനാകുകയുള്ളൂ. അദ്ദേഹം അവിടെ എന്ത് പ്രസംഗിച്ചുവെന്നതിനേക്കാള്‍ പ്രാധാന്യം നാഗ്പൂരില്‍ അദ്ദേഹം ചെന്നുവെന്നതിന്് തന്നെയാണ്. മുമ്പ് പല നേതാക്കളും ഇത്തരം യാത്രകള്‍ നടത്തിയിരുന്നുവെന്നും വിശാലമായ സംവാദത്തിന്റെ തുറസ്സാണ് ഇത്തരം കൂടിച്ചേരലുകള്‍ സൃഷ്ടിക്കുന്നതെന്നുമുള്ള ന്യായീകരണങ്ങളില്‍ ഒരു കഴമ്പുമില്ല.

സന്ദര്‍ഭം വളരെ പ്രധാനമാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിക്ക് നിര്‍ണായക മേല്‍ക്കൈയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നുവെന്ന് പ്രണാബ് മുഖര്‍ജിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. ഹിന്ദുത്വ ഫാസിസം അതിന്റെ ഏറ്റവും ക്രൂരമായ സവിശേഷതകളോടെ രാജ്യത്തിന്റെ സമസ്ത മേഖലകളേയും തകര്‍ത്തെറിയുകയാണ്. മനുഷ്യരുടെ സ്വാഭാവികമായ അവകാശങ്ങള്‍ സംഘ് രഥവേഗങ്ങളില്‍ ഞെരിഞ്ഞമരുന്നു. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ദിനംപ്രതി ആക്രമിക്കപ്പെടുന്നു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇങ്ങനെ തകര്‍ന്നടിഞ്ഞ ഒരു ഘട്ടമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസാധാരണമായ ഐക്യപ്പെടലിലേക്ക് നീങ്ങുകയും ഈ യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ തുനിയുകയും ചെയ്യുന്നത്. അത്യന്തം ദുഷ്‌കരമായ ഒരു പോരാട്ടത്തിലാണ് കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്നത്. പ്രണാബിന്റെ നാഗ്പൂര്‍ യാത്ര ആ പോരാട്ടത്തെ ദുര്‍ബലമാക്കിയിരിക്കുന്നു.
ആര്‍ എസ് എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനെന്നാണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലത്തെത്തി സന്ദര്‍ശക പുസ്തകത്തില്‍ പ്രണാബ് എഴുതിയത്. ആര്‍ എസ് എസിന് ഇതില്‍പ്പരം ആനന്ദം ഇനിയെന്ത് വേണം? വെറുതയല്ല പ്രണാബിനെ വാനോളം പുകഴ്ത്തി എല്‍ കെ ആഡ്വാനി രംഗത്തെത്തിയത്. ആര്‍ എസ് എസിന് അഭിമാനപൂര്‍വം രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ഒരു ചരിത്രമില്ല. ആ സംഘടനയുടെ ചരിത്രം ബ്രിട്ടീഷ് ദാസ്യത്തിന്റെതാണ്. ശിഥിലീകരണത്തിന്റെതുമാണ്. ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാന്‍ ആര്‍ എസ് എസിന് സാധിക്കില്ല. ഖിലാഫത്ത് പ്രസ്ഥാനം സൃഷ്ടിച്ച ഐക്യത്തിന്റെ പശ്ചാത്തലത്തിലാണ് അത് പിറന്നു വീഴുന്നത്. കായിക പരിശീലന പദ്ധതിയടക്കം അത് സ്വായത്തമാക്കിയത് ഇറ്റലിയിലെ മുസോളിനിയില്‍ നിന്നാണ്. ഹിറ്റ്‌ലറുടെ ആര്യമേധാവിത്വത്തോടാണ് പഥ്യം. ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് യഥാര്‍ഥ ദേശീയവാദികള്‍ എന്ന അടിസ്ഥാന ആശയഗതി അത് പിന്തുടരുന്നു. അതുകൊണ്ട് യുവാക്കളില്‍ വംശാഭിമാനം വളര്‍ത്തുന്നതിനാണ് മുന്തിയ പരിഗണന നല്‍കേണ്ടതെന്ന് അവര്‍ നിഷ്‌കര്‍ഷിച്ചു. ലോകമാകെ അംഗീകരിച്ച മഹാത്മാ ഗാന്ധിയുടെ സത്യഗ്രഹ സമര രീതിയോട് മഹാപുച്ഛമായിരുന്നു അവര്‍ക്ക്. നിസ്സഹകരണ പ്രസ്ഥാനം പാലൂട്ടി വളര്‍ത്തിയ യവന സര്‍പ്പങ്ങള്‍ (അഥവാ മുസ്‌ലിംകള്‍) അവരുടെ വിഷലിപ്തമായ ചീറ്റലുകള്‍ കൊണ്ട് രാജ്യത്ത് പ്രകോപനപരമായ കലാപങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നുവെന്ന് ആക്രോശിച്ചയാളാണ് ഹെഡ്‌ഗേവാര്‍. ആ ഹെഡ്‌ഗേവാറിനെ പുകഴ്ത്തുമ്പോള്‍ ആര്‍ എസ് എസിന് പുതിയൊരു ചരിത്രം പണിത് നല്‍കുകയാണ് പ്രണാബ് ചെയ്തത്.

അസഹിഷ്ണുതയെക്കുറിച്ചും ദേശീയതയെ മതത്തിന്റെ പേരില്‍ നിര്‍വചിക്കുന്നതിന്റെ അപകടത്തെ കുറിച്ചുമാണ് പ്രണാബ് നാഗ്പൂരില്‍ സംസാരിച്ചത്. അത് സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷേ, ആ വാക്കുകള്‍ സാമാന്യവത്കരണം മാത്രമായിപ്പോയി. ചുരുങ്ങിയത് ഗാന്ധി വധത്തെക്കുറിച്ചും ബാബരി ധ്വംസനത്തെ കുറിച്ചും ഗുജറാത്ത് വംശഹത്യയെക്കുറിച്ചും ഗോരക്ഷാ ഗുണ്ടായിസത്തെ കുറിച്ചും പറഞ്ഞതിന് ശേഷമായിരുന്നുവെങ്കില്‍ ആ വാക്കുകള്‍ കൂടുതല്‍ അര്‍ഥവത്താകുമായിരുന്നു. പ്രണാബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞതാണ് ശരി. പ്രസംഗം മറക്കും, ചിത്രം നിലനില്‍ക്കും എന്ന ശര്‍മിഷ്ഠയുടെ വാക്കുകള്‍ രായ്ക്കുരാമാനം പുലര്‍ന്നിരിക്കുന്നു. ആര്‍ എസ് എസ് തൊപ്പിയണിഞ്ഞ്, കൈ നെഞ്ചത്ത് വെച്ച് നില്‍ക്കുന്ന പ്രണാബിന്റെ വ്യാജ ചിത്രം പ്രചരിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങേയറ്റത്തെ പ്രയോഗക്ഷമതയോടെ നാഗ്പൂര്‍ ചിത്രം നിലനില്‍ക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസിന് മേല്‍ പതിഞ്ഞ മൃദു ഹിന്ദുത്വ ആരോപണത്തെ ഊട്ടിയുറപ്പിക്കുകയെന്ന ദൗത്യമാകും ഈ ആലിംഗനം നിര്‍വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here