Connect with us

Kerala

മര്‍കസിലെ ഗ്രാന്‍ഡ് ഇഫ്താര്‍ ശ്രദ്ധേയമായി;  എഴുപത് ലക്ഷം ചെലവില്‍ രാജ്യത്താകെ ഇഫ്താറുകള്‍

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് റമസാന്‍ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. റമസാന്‍ മാസത്തില്‍ മര്‍കസിന്റെ നേതൃത്വത്തില്‍ രാജ്യത്താകെ നടത്തിവരുന്ന ഇഫ്താറുകളില്‍ ഏറ്റവും വലിയ സംഗമമായിരുന്നു ഇത്. എഴുപത് ലക്ഷം രൂപയാണ് ഈ വര്‍ഷം നോമ്പുതുറകള്‍ക്കായി മര്‍കസ് ചെലവഴിച്ചത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റമസാന്‍ ആദ്യം മുതലുള്ള ഇഫ്താറുകള്‍ പ്രധാനമായും നടന്നത്. ഉള്‍ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടുകഴിയുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ വീട്ടിലേക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണ പദാര്‍ഥങ്ങളും ഇഫ്താര്‍ കാമ്പയിന്റെ ഭാഗമായി മര്‍കസ് വിതരണം ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍, ഗുജറാത്ത്, യു പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓരോ പ്രദേശത്തെയും സാമൂഹിക സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് സൗഹൃദ ഇഫ്താറുകളും നടന്നു.

കേരളത്തില്‍ മര്‍കസ് ക്യാമ്പസിലും കോഴിക്കോട് നഗരത്തിലെ മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലും റമസാന്‍ ഒന്ന് മുതല്‍ നടന്നുവരുന്ന ഇഫ്താറുകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ദിനേന പങ്കെടുക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി ബസ്റ്റാന്റ് കേന്ദ്രീകരിച്ചും നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്തുവരുന്നു.
വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഗ്രാന്‍ഡ് ഇഫ്താറിനായി ഇന്നലെ മര്‍കസില്‍ ഒരുക്കിയത്. മര്‍കസ് പരിസര ദേശങ്ങളിലെ വീടുകളില്‍ നിന്ന് ഭക്ഷ്യ വിഭവങ്ങള്‍ എത്തിച്ചു. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ നൂറിലധികം സന്നദ്ധ സേവകരുമുണ്ടായിരുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇഫ്താറിന് മുമ്പ് വിശ്വാസികളെ സംബോധന ചെയ്തു. വിശ്വാസികളുടെ വലിയ ആനന്ദ ഘട്ടമാണ് നോമ്പുതുറ സമയമെന്നും അതിനായി വിഭവങ്ങള്‍ ഒരുക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും ഉന്നതമായ പ്രതിഫലമുള്ള കര്‍മമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അവശത അനുഭവിക്കുന്ന ആയിരിക്കണക്കിനു വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് മര്‍കസ് നല്‍കുന്ന റമസാന്‍ സഹായങ്ങളും ഇഫ്താറുകളും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട ചടങ്ങിന് നേതൃത്വം നല്‍കി.