കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനക്ക് മറുപടി പറയുന്നില്ലെന്ന് മാണി; ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല

Posted on: June 9, 2018 3:08 pm | Last updated: June 9, 2018 at 4:34 pm
SHARE

കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ. മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പാര്‍ട്ടിയാണ്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റില്‍ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ത്യാഗം സഹിച്ച് നല്‍കിയ സീറ്റിലേക്ക് പ്രമുഖനായ ഒരാളെ അയ്ക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസിനെ മുമ്പ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കാന്‍ മാണി തയാറാകണമെന്ന സുധീരന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.