കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് 13ന്

Posted on: June 9, 2018 1:51 pm | Last updated: June 9, 2018 at 3:09 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് ഈ മാസം 13ന് നടക്കും. ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിരുന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുക്കും.

നേരത്തെ, രാഷ്ട്രപതി ഭവനില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. മതേതര മൂല്ല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ദീപാവലി ആഘോഷങ്ങള്‍ക്കും രക്ഷാബന്ധന്‍ ദിനാചരണത്തിനും രാഷ്ട്രപതി ഭവന്‍ വേദിയായിരുന്നു.

നേരത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ ഗാനം ആലപിക്കുന്ന ചടങ്ങും ഒഴിവാക്കിയിരുന്നു. അതേസമയം, ദീപാവലി ദിനത്തില്‍ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ പ്രത്യേക ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. കൂടാതെ രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ രാംനാഥ് കോവിന്ദിന്റെ കൈയില്‍ രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങും നടന്നിരുന്നു.