കരുണാകരനെതിരെ കൊട്ടാരവിപ്ലവം നടത്തിയത് ഓര്‍ക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുധീരന്‍

Posted on: June 9, 2018 12:57 pm | Last updated: June 9, 2018 at 2:15 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വീണ്ടും രംഗത്തെത്തി. സീറ്റ് നല്‍കിയത് ദൂരുഹമാണെന്നും അട്ടിമറിയുണ്ടെന്നും സുധീരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് തീരുമാനം പാളിപ്പോയി. ആര്‍എസ്പിയെ കൊണ്ടുവന്നത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ്. കോണ്‍ഗ്രസിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാണി മറുപടി പറയണം. ആരോപണം നിലനില്‍ക്കുന്നില്ലെങ്കില്‍ മാണി ഖേദം പ്രകടിപ്പിക്കണം. അതാണ് മുന്നണി മര്യാദ. സീറ്റ് വിട്ടുകൊടുത്തതോടെ പാര്‍ലിമെന്റില്‍ യുപിഎക്ക് ഒരു സീറ്റ് നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് പുനപ്പരിശോധന നടത്തണം.

ഉമ്മന്‍ ചാണ്ടിയേയും സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചു. കെ കരുണാകരന്റെ കാലത്ത് മുമ്പ് ഘടകകക്ഷിക്ക് സീറ്റ് വിട്ടു നല്‍കിയപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ച് പ്രതിഷേധിച്ചത് ഓര്‍ക്കണമെന്ന് സുധീരന്‍ പറഞ്ഞു. കെ കരുണാകരനെതിരെ കൊട്ടാരവിപ്ലവം നടത്തിയത് ഓര്‍മയിലുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടിയുടെ പേരെടുത്ത് പറയാതെ സുധീരന്‍ പറഞ്ഞു.താന്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമല്ല. കേരളത്തിലെ ആയിരക്കണക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്. യാതൊരു താത്പര്യവും തനിക്കില്ല. കോണ്‍ഗ്രസ് പ്രസ്ഥാനം അപമാനിക്കപ്പെടുമ്പോള്‍, ചവിട്ടിമെതിക്കപ്പെടുമ്പോള്‍, അത് ചൂണ്ടിക്കാണിക്കുക എന്നത് ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അവകാശമാണ്. ഞാന്‍ ഗ്രൂപ്പിന്റെ ആളല്ല. ഗ്രൂപ്പിന്റെ അതിപ്രസരം കോണ്‍ഗ്രസിന്റെ ശാപമാണ്. കോണ്‍ഗ്രസില്‍ പെട്ടവര്‍ക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസില്‍ തന്നെയുള്ളവര്‍ നീക്കം നടത്തിയെന്നും സുധീരന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here