Connect with us

Kerala

കോണ്‍ഗ്രസിലെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിന്മേല്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയത്.

സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചും തീരുമാനം പിന്‍വലിക്കണണെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസിലെ യുവ നേതാക്കന്മാരും ചില മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളായ വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പരസ്യമായി രംഗത്തെത്തിയത് ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് എടുത്തതെന്നാണ് അറിയുന്നത്. അതേസമയം, കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല. പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് പ്രാപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അല്‍പം കൂടി കാത്തിരിക്കുമെന്നും ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ മാത്രം ഇടപെടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.