ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിക്ക് മുകളില്‍ പതിച്ച് റീത്ത് വെച്ചു

Posted on: June 9, 2018 9:23 am | Last updated: June 9, 2018 at 11:49 am
SHARE

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നടപടിയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിക്ക് മുകളില്‍ പതിച്ച് റീത്ത് വെച്ചായിരുന്നു പ്രതിഷേധം.

ഞങ്ങളുടെ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാര്‍ തുടങ്ങിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്ന് വിവരമില്ല.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും യുവ എംഎല്‍എമാരും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.