കുമാരസ്വാമിക്ക് ധനകാര്യം, ആഭ്യന്തരം ഉപമുഖ്യമന്ത്രിക്ക്

  • കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
  • അപ്രധാന വകുപ്പ്; രാജിഭീഷണിയുമായി കോണ്‍ഗ്രസ് മന്ത്രി
Posted on: June 9, 2018 6:27 am | Last updated: June 9, 2018 at 11:49 am
SHARE

ബെംഗളൂരു: അനിശ്ചിതത്വത്തിന് ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ വജുഭായ് വാലെ അംഗീകാരം നല്‍കി.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് ധനകാര്യം, ഭരണ പരിഷ്‌കാരം, എക്‌സൈസ്, ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിക്‌സ്, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ടെക്‌സ്റ്റൈല്‍സ്, കൊമേഴ്‌സ്, ബോര്‍ഡ്- കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയത്. ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര ആഭ്യന്തരം, ബെംഗളൂരു വികസനം എന്നീ വകുപ്പുകളും കൈയാളും. എച്ച് ഡി രേവണ്ണക്ക് പൊതുമരാമത്തും ആര്‍ വി ദേശ്പാണ്ഡെക്ക് റവന്യൂ, മൃഗസംരക്ഷണ വകുപ്പുകളും ലഭിച്ചു. ഡി കെ ശിവകുമാറിന് ജലവിഭവം, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം എന്നിവയും മലയാളികളായ കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവര്‍ക്ക് വന്‍കിട വ്യവസായം, ഷുഗര്‍, ബെംഗളൂരു നഗര വികസനം, ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും ലഭിച്ചു.

അതിനിടെ, അപ്രധാന വകുപ്പ് ലഭിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി സി എം പുട്ടരാജു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കുമാരസ്വാമിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയ കോണ്‍ഗ്രസ്, വകുപ്പുകളുടെ മികച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. കുമാരസ്വാമി സര്‍ക്കാറിലുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഏര്‍പ്പെടുത്തിയാണ് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം പുതിയ മുഖങ്ങള്‍ മന്ത്രി പദവിയിലെത്തുന്നതാണ് ഈ രീതി. മോശം പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിമാര്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ പുറത്ത് പോകേണ്ടി വരും. ഓരോ ആറ് മാസം കൂടുമ്പോഴും കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മൂന്ന് ഘടകങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. അന്തിമമായ മന്ത്രിസഭയല്ല നിലവിലുള്ളതെന്നും മാറ്റങ്ങളുണ്ടാകുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആദ്യമായി എം എല്‍ എമാരായവര്‍ മന്ത്രിസഭയിലുണ്ടാവില്ല. ഓരോ ആറ് മാസം കൂടുമ്പോഴും പ്രവര്‍ത്തനം വിലയിരുത്തും. രണ്ട് വര്‍ഷത്തിന് ശേഷം മന്ത്രിമാര്‍ ആകുന്നവര്‍ക്ക് മൂന്ന് വര്‍ഷം ലഭിക്കുമെന്ന പ്രശ്‌നമുണ്ട്. എന്നാല്‍, പ്രകടനം മോശമാകുന്നതിനനുസരിച്ച് മന്ത്രിസഭയിലെ സ്ഥാനവും നഷ്ടമാകുമെന്ന് നേതൃത്വം പറയുന്നു.

മന്ത്രിസ്ഥാനം കിട്ടാത്ത നേതാക്കളുടെ അനുയായികള്‍ നടത്തിവരുന്ന പ്രതിഷേധ സമരം മൂന്നാം ദിവസവും തുടര്‍ന്നു. പ്രമുഖ ലിംഗായത്ത് നേതാവായ എം ബി പാട്ടീലിന് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി. പാട്ടീലിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിച്ച ശേഷം ബാക്കികാര്യങ്ങളിലേക്ക് കടന്നാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെയും നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയും ഹൈക്കമാന്‍ഡ് കടുത്ത നടപടി സ്വീകരിക്കാനാണ് സാധ്യത.