ലാന്‍സിനി പുറത്ത്

Posted on: June 9, 2018 6:25 am | Last updated: June 9, 2018 at 12:46 am
SHARE

ബാഴ്‌സലോണ: അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സിനി ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. രാവിലെ പരിശീലനം നടത്തുമ്പോഴാണ് കാല്‍ സന്ധികളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ഭാഗത്ത് പരുക്കേറ്റത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ താരമായ ലാന്‍സിനിക്ക് സീസണിന്റെ അവസാനം സമാനമായ പരുക്കേറ്റിരുന്നു. കുറച്ച് കാലം വിശ്രമത്തിലായിരുന്ന ലാന്‍സിനി മെയില്‍ ഹെയ്തിക്കെതിരായ സൗഹൃദ മത്സരം കളിച്ചു കൊണ്ടാണ് അര്‍ജന്റീന ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരം 4-0ന് അര്‍ജന്റീന ജയിച്ചിരുന്നു.

കോച്ച് ജോര്‍ജ് സംപോളിയുടെ ഗെയിം പ്ലാനില്‍ ലാന്‍സിനിക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. സ്റ്റാര്‍ട്ടിംഗ് ലൈനപ്പ് താരത്തെ നഷ്ടമായത് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ അര്‍ജന്റീനക്ക് തിരിച്ചടിയായി. ബാഴ്‌സലോണയിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് ഒരുക്കം നടക്കുന്നത്.