പോര്‍ച്ചുഗല്‍, ഉറുഗ്വെ, ഇംഗ്ലണ്ട് ജയിച്ചു

Posted on: June 9, 2018 6:23 am | Last updated: June 9, 2018 at 12:41 am
SHARE
ബ്രൂണോ പോര്‍ച്ചുഗലിനായി ഗോള്‍ നേടുന്നു

ലിസ്ബന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗലിനും ഉറുഗ്വെക്കും ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയെ പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വെ ഇതേ മാര്‍ജിനില്‍ ഉസ്‌ബെക്കിസ്ഥാനെയും വീഴ്ത്തി. ഇംഗ്ലണ്ട് 2-0ന് കോസ്റ്ററിക്കയെ തോല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്ത പോര്‍ച്ചുഗല്‍ ലിസ്ബണില്‍ അവസാന സന്നാഹ മത്സരം ഗംഭീരമാക്കി. പി എസ് ജി സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗ്യൂഡെസ് ഇരട്ട ഗോളുകള്‍ നേടി. കഴിഞ്ഞ സീസണില്‍ സ്‌പെയ്‌നില്‍ വലന്‍ഷ്യ ക്ലബ്ബിന് വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ഗ്യുഡെസ്. മറ്റൊരു ഗോള്‍ നേടിയത് സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍നാണ്ടസാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്രോസ് ബോളില്‍ ഹെഡറിലൂടെയാണ് ഫെര്‍നാണ്ടസ് വല കുലുക്കിയത്.

മാര്‍ച്ചിന് ശേഷം വിജയം കണ്ടെത്താന്‍ വിഷമിച്ച യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ തിരിച്ചുവരവായിരുന്നു ഇത്. ടുണീഷ്യയോട് 2-2നും ബെല്‍ജിയത്തോട് 0-0നും പിരിഞ്ഞതാണ് തൊട്ടുമുമ്പുള്ള മത്സരഫലങ്ങള്‍.

റയല്‍ മാഡ്രിഡിന് തുടരെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നൂറ്റമ്പതാം രാജ്യാന്തര മത്സരത്തിനിറങ്ങി. എഴുപത്തിനാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയെ കോച്ച് തിരിച്ചുവിളിച്ചു. അതുവരെ ടീമിന് ഉത്സാഹമേകിക്കൊണ്ട് ക്യാപ്റ്റന്‍ കളം നിറഞ്ഞു.

ഉസ്‌ബെക്കിസ്ഥാനെതിരെ ഉറുഗ്വെയുടെ വിജയ ഗോളുകള്‍ അരാസ്‌കെറ്റ, സുവാരസ്, ജിമിനെസ് എന്നിവര്‍ നേടി. എഴുപത്തൊമ്പതാം മിനുട്ടില്‍ ഉസ്‌ബെക്കിസ്ഥാന്റെ കൊമിലോവ് ചുവപ്പ് കാര്‍ഡ് കണ്ടു.

ഇംഗ്ലണ്ടിനായി മാര്‍കസ് റഷ്‌ഫോഡും വെല്‍ബെക്കും ലക്ഷ്യം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here