Connect with us

Sports

'മെക്‌സിക്കോ കപ്പ് നേടും'

Published

|

Last Updated

101 അന്താരാഷ്ട്ര മത്സരങ്ങള്‍. 49 ഗോളുകള്‍. ലോകകപ്പില്‍ മെക്‌സിക്കോയുടെ സൂപ്പര്‍ താരത്തിന്റെ കളിക്കണക്കാണിത്. ചിചാരിറ്റോ എന്ന് പൊതുവെ അറിയപ്പെടുന്ന ഹാവിയര്‍ ഹെര്‍നാണ്ടസിന്റെ. മെക്‌സിക്കോക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ് ചിചാരിറ്റോ. 2010 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ നേടിയ മാസ്മരിക ഗോളാണ് ചിചാരിറ്റോയെ ലോകശ്രദ്ധയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ തോമസ് ബല്‍കാസര്‍ 1954 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയിരുന്നു എന്ന പശ്ചാത്തലവും ഇതിനെ ശ്രദ്ധേയമാക്കി. റഷ്യയില്‍ മെക്‌സിക്കോയുടെ സാധ്യതകളെ കുറിച്ച് ചിചാരിറ്റോ മനസ് തുറക്കുന്നു..

രണ്ട് തവണ ലോകകപ്പ് കളിച്ചിട്ടും നോക്കൗട്ട് റൗണ്ട് കാണാതെ മടങ്ങേണ്ടി വന്നു..

ചെറിയൊരു ചുവടുവെപ്പല്ല ഇത്തവണ ലക്ഷ്യമിടുന്നത്. എന്റെ സ്വപ്‌നം വലുതാണ്. ഞങ്ങള്‍ക്ക് കപ്പ് നേടണം. റഷ്യയില്‍ നിന്ന് മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

എല്ലാ ടീമുകളും ഇതേ ലക്ഷ്യവുമായിട്ടാണ് വരുന്നത്, മെക്‌സിക്കോക്ക് സാധ്യമാകുമോ ?

എന്തു കൊണ്ട് പറ്റില്ല ? ലോകകപ്പില്‍ അവസാന ഘട്ടങ്ങളിള്‍ മെക്‌സിക്കോ കളിച്ചിട്ടുണ്ട്. നല്ല പ്രകടനം കാഴ്ചവെച്ച ചരിത്രമുണ്ട്. ഇത്തവണ വലിയ സ്വപ്‌നമാണ്. അത് സഫലമാക്കാന്‍ പോന്ന താരങ്ങള്‍ ടീമിലുണ്ട്. എന്തു കൊണ്ട് ഞങ്ങള്‍ക്ക് പറ്റില്ല ?

ഇത് മെക്‌സിക്കോയുടെ പതിനാറാം ലോകകപ്പാണ്. വലിയൊരു നേട്ടമാണിത്. പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം മെക്‌സിക്കോക്ക് സാധ്യമായിട്ടില്ല. അവസാനത്തെ ആറ് ലോകകപ്പുകളിലും പ്രീക്വാര്‍ട്ടറിനപ്പുറം കടന്നില്ല.

ഞങ്ങള്‍ക്കതറിയാം. ചരിത്രം നോക്കി ഒരു ടീമിന്റെ സാധ്യതകളെ വിലയിരുത്തുന്നത് ശരിയല്ല. ഞങ്ങള്‍ക്ക് താത്പര്യം പുതിയ അധ്യായങ്ങള്‍ ചരിത്രത്തില്‍ ചേര്‍ക്കാനാണ്.

എന്താണ് ഇത്ര മാത്രം ആത്മവിശ്വാസം നല്‍കുന്നത് ?

നിങ്ങള്‍ നോക്കൂ, യൂറോപ്പില്‍ ഏറ്റവും ഉന്നതമായ ഇടങ്ങളില്‍ കളിക്കുന്ന ധാരാളം കളിക്കാര്‍ ഈ ടീമിലുണ്ട്. ക്യാപ്റ്റന്‍ റാഫാ മാര്‍ക്വേസിന്റെ കാര്യമെടുക്കാം. ബാഴ്‌സലോണയുടെ പ്രധാന താരമായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഹ്യൂഗോ സാഞ്ചസ് റയല്‍ മാഡ്രിഡിലൂടെ ശ്രദ്ധ നേടിയിരുന്നു. ഞാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. പ്രീമിയര്‍ ലീഗ് രണ്ട് തവണ നേടിയ ടീമിന്റെ ഭാഗമായിരുന്നു. യൂറോപ്പിലെ വലിയ ക്ലബ്ബുകളില്‍ കളിക്കുക എന്ന സ്വപ്‌നമാണ് താരങ്ങള്‍ക്കെല്ലാം.

ആദ്യ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയോട്. എന്ത് തോന്നുന്നു…

ലോകകപ്പില്‍, നിങ്ങള്‍ക്ക് വലിയ ടീമുകളുമായിട്ട് കളിക്കേണ്ടി വരും.അതില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ല. ലോക നിലവാരമുള്ള സ്‌ക്വാഡാണ് ജര്‍മനിയുടേത്. മുമ്പും അവര്‍ ലോകകപ്പില്‍ മികവറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ ഉയര്‍ത്തിയ കിരടം നിലനിര്‍ത്തുകയാകും അവരുടെ ലക്ഷ്യം. ജര്‍മനിക്കെതിരെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെക്കുക എന്നത് മാത്രമാണ് മനസില്‍. കടലാസിലെ കരുത്തില്‍ കാര്യമില്ല, അത് ഗ്രൗണ്ടില്‍ പുറത്തെടുക്കണം. ഞങ്ങള്‍ തയ്യാറാണ് നേരിടാന്‍.

ഗ്രൂപ്പിലെ മറ്റ് ടീമുകളാണ് ദക്ഷിണ കൊറിയയും സ്വീഡനും. രണ്ട് പേര്‍ക്കും, പ്രത്യേകിച്ച് സ്വീഡന് ലോകകപ്പില്‍ വലിയ പാരമ്പര്യമുണ്ട്…

ഞങ്ങളാരെയും ഭയക്കുന്നില്ല. സ്വാഭാവികമാണ് പരിചയ സമ്പത്തും കരുത്തുറ്റതുമായി ടീമുകളെ ലോകകപ്പില്‍ നേരിടേണ്ടി വരിക എന്നത്. ഗ്രൂപ്പില്‍ ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ല. ജര്‍മനി മാത്രമാണ് അപവാദം. മറ്റ് മൂന്ന് ടീമുകള്‍ക്കും തുല്യസാധ്യതയാണ്.

ജൂണ്‍ 17 പ്രത്യേകതയുള്ള ദിനമാണ്. താങ്കള്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അരങ്ങേറ്റ ഗോള്‍ നേടിയ ദിവസം. ഇത്തവണ, ആ ദിവസം താങ്കള്‍ ജര്‍മനിക്കെതിരെ കളിക്കാനിറങ്ങും..

അതേ, അന്ന് ഞങ്ങള്‍ ഫ്രാന്‍സിനെ 2-0ന് തോല്‍പ്പിച്ചിരുന്നു. യുവതാരം എന്ന നിലയില്‍ ഏറെ ആവേശവും അഭിമാനവും തോന്നിയ നിമിഷം. അര്‍ജന്റീനക്കെതിരെയും സ്‌കോര്‍ ചെയ്തു. പക്ഷേ, ആ കളി തോറ്റു. ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകളാണ് നേടിയത്. നാല് വര്‍ഷം മുമ്പ് ക്രൊയേഷ്യക്കെതിരെ ആയിരുന്നു മൂന്നാം ഗോള്‍. ആ ഗോളടിക്ക് തുടര്‍ച്ചയുണ്ടാകണം. എന്നാല്‍, ടീം ജയിക്കുകയും വേണം. സ്‌കോര്‍ ചെയ്തിട്ടും ടീമിന് ഗുണകരമാകുന്നില്ലെങ്കില്‍ അത് സന്തോഷം നല്‍കില്ല.

റാഫേല്‍ മാര്‍ക്വേസ് അഞ്ചാം ലോകകപ്പിനാണ് വരുന്നത്, ലോഥര്‍ മത്തേയസിന്റെയും മെക്‌സിക്കോയുടെ അന്റോണിയോ കര്‍വായലിന്റെയും റെക്കോര്‍ഡിനൊപ്പമെത്തും…

ലോകകപ്പ് ടീമിനെ കാണാന്‍ തുടങ്ങിയ അന്ന് മുതല്‍ മാര്‍ക്വേസ് ടീമിന്റെ നെടുംതൂണാണ്. അയാള്‍ മെക്‌സിക്കന്‍ ഫുട്‌ബോളിലെ ഇതിഹാസമാണ്. നാല് ലോകകപ്പുകളില്‍ മെക്‌സിക്കോയെ നയിച്ചു എന്നത് മാത്രമല്ല, മൂന്ന് ലോകകപ്പുകളില്‍ തുടരെ സ്‌കോര്‍ ചെയ്യാനും മാര്‍ക്വേസിന് സാധിച്ചു. അദ്ദേഹമൊരു പോരാളിയാണ്. ഏറെ ബഹുമാനത്തോടെയാണ് ഞാന്‍ അദ്ദേഹത്തെ നോക്കിക്കാണുന്നത്. അഞ്ചാം ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുന്ന മാര്‍ക്വേസിന് ഭാവുകങ്ങള്‍ നേരുന്നു.

Latest