Connect with us

Sports

സ്‌പെയിനും പാനമയും റഷ്യയിലെത്തി

Published

|

Last Updated

റഷ്യയിലെത്തിയ സ്‌പെയിന്‍ ടീം

മോസ്‌കോ: മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും അരങ്ങേറ്റക്കാരായ പാനമയും ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്‌നങ്ങളുമായി റഷ്യയിലെത്തി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സഊദി അറേബ്യയും നേരത്തെ ഇവിടെയെത്തിയിട്ടുണ്ട്. കിക്കോഫിന് അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്നും നാളെയുമായി കൂടുതല്‍ ടീമുകള്‍ എത്തും.

2010 ലോകകപ്പ് ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ്. കോച്ച് യുലെന്‍ ലാപെടെഗ്യുവിന് കീഴില്‍ പരാജയമറിയാതെ പത്തൊമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്‌പെയിന്‍ റഷ്യന്‍ മണ്ണിലിറങ്ങിയിരിക്കുന്നത്. 2016 യൂറോ കപ്പിന് ശേഷമാണ് ലോപെടെഗ്യു സ്‌പെയ്‌നിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ക്രസ്‌നോദര്‍ എന്ന നഗരത്തിലാണ് സ്‌പെയിന്‍ ടീമിന്റെ ബേസ് ക്യാമ്പ്. ഇവിടെ വെച്ച് ഇന്ന് ടുണീഷ്യയുമായി സന്നാഹ മത്സരം കളിക്കും.
സ്‌പെയ്‌നിന്റെ ലോകകപ്പ് ആരംഭിക്കുക യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ നേരിട്ടു കൊണ്ടാണ്. ഈ മാസം പതിനഞ്ചിനാണ് മത്സരം. 2014 ശൈത്യകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ച സോചിയാണ് ഈ സൂപ്പര്‍ പോരിന് വേദിയാകുന്നത്.

ഈ മത്സരം ജയിക്കുന്നവര്‍ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരാകുമെന്നാണ് കരുതപ്പെടുന്നത്. മൊറോക്കോയും ഇറാനുമാണ് ബി ഗ്രൂപ്പിലെ മറ്റ്ടീമുകള്‍.
കോണ്‍കകാഫ് മേഖലയില്‍ നിന്ന് അവസാന ദിവസത്തെ നാടകീയതകളിലൂടെയാണ് പാനമ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. യു എസ് എ, ഹോണ്ടുറാസ് ടീമുകളുടെ പ്രതീക്ഷകളാണ് പാനമയുടെ അപ്രതീക്ഷിത കുതിപ്പില്‍ തകിടം മറിഞ്ഞത്.

അട്ടിമറിക്കപ്പെട്ട ടീമുകളുടെ ആരാധകരാണോ എന്ന് വ്യക്തമല്ല, ബുധനാഴ്ച പാനമ കളിക്കാരുടെ മുറികളില്‍ മോഷണം നടത്തി. പാനമ സന്നാഹ മത്സരം കളിക്കുമ്പോഴായിരുന്നു മുറിയില്‍ മോഷണം. 53000 യൂറോയുടെ നഷ്ടം കണക്കാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെല്‍ജിയം, ഇംഗ്ലണ്ട്, ടുണീഷ്യ ഉള്‍പ്പെട്ട ഗ്രൂപ്പ് ജിയിലാണ് പാനമ. അട്ടിമറികള്‍ക്ക് സാധ്യതയുള്ള ഗ്രൂപ്പാണിത്. ടുണീഷ്യയും പാനമയും അതിന് നേതൃത്വം നല്‍കിയാല്‍ ഇംഗ്ലണ്ടും ബെല്‍ജിയവും അപകടത്തിലായേക്കാം.

Latest