Connect with us

Kerala

ട്രോളിംഗ് നിരോധനം അര്‍ധരാത്രി മുതല്‍

Published

|

Last Updated

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് പൊന്നാനി കടപ്പുറത്ത് കരക്കടുപ്പിച്ച മത്സ്യബന്ധന ബോട്ടുകള്‍

കൊച്ചി: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധ രാത്രി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഇതോടെ തീരദേശം വറുതിയിലാകും. മറ്റ് സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് നിരോധനമെങ്കില്‍ കേരളത്തില്‍ ഈ മണ്‍സൂണില്‍ 52 ആക്കുകയായിരുന്നു. അടുത്ത വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം 61 ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ ഫിഷറീസ് ഹാര്‍ബറുകള്‍ നിശ്ചലമാകും. ഇതോടെ ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളാണ് പട്ടിണിയിലാകുക. സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും തീരജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.

ഏകദേശം നാലായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നത്. ഇവയില്‍ ഇതര സംസ്ഥാന ബോട്ടുകളില്‍ ഭൂരിഭാഗവും തീരം വിട്ട് പോയി കഴിഞ്ഞു. മത്സ്യപ്രജനനം നടക്കുന്ന സമയമായതിനാലാണ് ഈ സമയത്ത് സംസ്ഥാനത്ത് ട്രോളിംഗ് നിരോധിക്കുന്നത്. നിരോധം 61 ദിവസമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ 52 ആക്കി കുറക്കുകയായിരുന്നു.

എന്നാല്‍ നിരോധനം കൊണ്ടുള്ള ഫലം പൂര്‍ണമായും ലഭിക്കണമെങ്കില്‍ ഇത് 90 ദിവസമാക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മണ്‍സൂണ്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പല സമയങ്ങളിലായാണ് വരുന്നത്. അതുകൊണ്ട് തന്നെ യൂനിഫോം രീതിയില്‍ നിരോധനം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പീലിംഗ് ഷെഡ് തൊഴിലാളികള്‍, ഐസ് പ്ലാന്റ് തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ഇതോടെ വറുതിയിലാകും.

അതേസമയം പരമ്പരാഗത യാനങ്ങള്‍ക്ക് പുറമേ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും നിരോധന കാലയളവില്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്താം.

Latest