ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്  എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ നിസ്സഹകരണ സമരത്തിന്

Posted on: June 9, 2018 6:19 am | Last updated: June 9, 2018 at 12:25 am
SHARE

ന്യൂഡല്‍ഹി: ശമ്പളം വൈകുന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പൈലറ്റ് യൂനിയന്‍ നിസ്സഹകരണ സമരത്തിന്. ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ്‌സ് അസോസിയേഷനാണ് എയര്‍ ഇന്ത്യാ മാനേജ്‌മെന്റുമായി നിസ്സഹകരണത്തിന് തയ്യാറെടുക്കുന്നത്. പൈലറ്റുമാരുടെ ശമ്പളം വൈകുന്നതിനാല്‍ തങ്ങള്‍ മാനേജ്‌മെന്റുമായി സഹകരണം സമ്പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും റീജ്യനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റികളും എയര്‍ ഇന്ത്യാ മാനേജ്‌മെന്റിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശമ്പളം കൃത്യമായി നല്‍കുന്നത് വരെ നിസ്സഹകരണം തുടരുമെന്നും അസോസിയേഷന്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം ആറിന് ഇത് സംബന്ധിച്ച് അസോസിയേഷന്റെ റീജ്യനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.

ശമ്പളം വൈകുന്നത് കാരണം അംഗങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയും മാനസികമായ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും ഇത് കൂടുതല്‍ ക്ഷീണത്തിലേക്ക് നയിക്കുന്നുണ്ടെന്നും യോഗം ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കാനിടയുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശമ്പളം വൈകുന്നത് കാരണം തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെ സമീപിക്കേണ്ട അവസ്ഥയുണ്ടെന്നും ഇത് നിത്യ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, എയര്‍ ഇന്ത്യ പണ ദൗര്‍ലഭ്യത നേരിടുന്നത് കാരണമാണ് ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നത് വൈകാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് എയര്‍ ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്നും അവര്‍ വ്യക്തമാക്കുന്നു. പൈലറ്റ് അസോസിയേഷന് പിന്നാലെ മറ്റ് വിഭാഗങ്ങളിലെ തൊഴിലാളി അസോസിയേഷനും നിസ്സഹകരണ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയേക്കും.