ഗത്യന്തരമില്ലാത്ത മടങ്ങിവരവിലും നേട്ടം കൊയ്ത് മാണി

Posted on: June 9, 2018 6:17 am | Last updated: June 9, 2018 at 12:21 am
SHARE

തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് സ്വമേധയാ പുറത്തുപോയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇതിനായി ഉന്നയിച്ച കാരണങ്ങളും സാഹചര്യങ്ങളും അതേപടി നിലനില്‍ക്കെയാണ് ഗത്യന്തരമില്ലാതെ രണ്ട് വര്‍ഷത്തിന് ശേഷം മുന്നണിയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. യു ഡി എഫ് വിട്ട ശേഷം ഇടതുമുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നപ്പോഴാണ് നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങി യു ഡി എഫിലേക്ക് തന്നെ മടങ്ങി വന്നിരിക്കുന്നത്.

അതേസമയം ഗത്യന്തരമില്ലാത്ത മടങ്ങി വരവിനിടയിലും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനായെന്നത് മാണിക്ക് രാഷ്ട്രീയപരമായ നേട്ടമായി. കെ എം മാണി കുറ്റാരോപിതനായ ബാര്‍കോഴ കേസ് കൈകാര്യം ചെയ്ത അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയോടുള്ള കടുത്ത എതിര്‍പ്പാണ് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് അന്ന് മാണി ഇതിനെ ന്യായീകരിച്ചിരുന്നത്. ബാര്‍കോഴ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ബാബുവിന് ലഭിച്ച പരിഗണന തനിക്ക് നല്‍കിയില്ലെന്നായിരുന്നു മാണി ഉന്നയിച്ച പ്രധാന പ്രശ്‌നം. ബാര്‍കോഴ കേസില്‍ തന്നെ ചിലര്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന് മാണി ആരോപിച്ചത് ചെന്നിത്തലയെ ഉദ്ദേശിച്ചായിരുന്നു. തനിക്കൊരു പ്രതിസന്ധി വന്നപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല തന്നെ കുത്തി വീഴ്ത്താന്‍ ശ്രമിച്ചെന്നും മാണി ആരോപിച്ചിരുന്നു.

അതേസമയം, മുന്നണിക്ക് പുറത്തുപോയ ശേഷം കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ മാണിയും മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ച വിഷയങ്ങളെല്ലാം ഇപ്പോഴും അതേ പടി നിലനില്‍ക്കുന്നുണ്ട്. ഒരുവേള മാണി അവസരവാദിയും രാഷ്ട്രീയ വഞ്ചകനുമാണെന്ന് വരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യമായി പറഞ്ഞിരുന്നു.

എന്നാല്‍ ഈ തിരിച്ചുവരവിന് കളമൊരുങ്ങിയപ്പോള്‍ അതില്‍ ഒരു കാര്യവും ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ സാധ്യമായ വഴിയെല്ലാം പരീക്ഷിച്ചെങ്കിലും ഇടതുമുന്നണി പ്രവേശം യാഥാര്‍ഥ്യമാകില്ലെന്ന് ബോധ്യമായതോടെ നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങിയാണ് ഇപ്പോള്‍ മാണി മുസ്‌ലിം ലീഗിന്റെ സഹായത്തോടെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്. അതേസമയം മുന്നണിയില്‍ നിന്ന് വിട്ടു നിന്നതോടെ മാണിക്ക് തങ്ങളുടെ വിലപേശല്‍ തന്ത്രത്തിന് സമ്മര്‍ദം ചെലുത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാര്‍കോഴ കേസില്‍ കുറ്റവിമുക്തനാകാന്‍ കഴിഞ്ഞതും കൈവിട്ടുപോകുമായിരുന്ന രാജ്യസഭാ സീറ്റ് നേടിയെടുക്കാനായതും മാണിക്ക് നേട്ടമായി. ചെങ്ങന്നൂരില്‍ തന്റെ പിന്തുണയിലും വന്‍ തിരിച്ചടി നേടിയ ശേഷമാണ് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി രാജ്യസഭാ സീറ്റ് കൈയിലാക്കിയെന്നത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഏക സീറ്റായ കോട്ടയത്തിന് തിരിച്ചടി നേരിട്ടാലും പാര്‍ലിമെന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനായെന്നും മാണിക്ക് ആശ്വസിക്കാം.
അതേസമയം നിലവിലെ നടപടികളുടെ ക്ഷീണം മുഴുവനും കോണ്‍ഗ്രസിനാണ്. സ്വമേധയേ മുന്നണി വിട്ടുപോയ ഒരു പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ രാഷ്ട്രീയ മര്യാദയനുസരിച്ച് പുറത്തുപോയവരാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്നിരിക്കെ സ്വന്തം സീറ്റ് വിട്ടുനല്‍കിയതിലൂടെയുള്ള നേട്ടം പാര്‍ട്ടി അണികളോട് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാടുപെടുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here