Connect with us

International

തീവ്രവാദ സ്വഭാവം: ഓസ്ട്രിയയിൽ ആറ് സലഫി പള്ളികള്‍ പൂട്ടി

Published

|

Last Updated

വിയന്ന : രാജ്യത്തെ ഏഴ് പള്ളികള്‍ പൂട്ടിയിടാന്‍ ഓസ്ട്രിയൻ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന് പുറമെ നിരവധി പള്ളി ഇമാമുമാരെ പുറത്താക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ആണ് പത്ര സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചിത്. ഒരു തുര്‍ക്കി പള്ളിക്കും അറബ് റിലീജ്യസ് കമ്മ്യൂണിറ്റി എന്ന പേരില്‍ സലഫികള്‍ നടത്തുന്ന ആറ് പള്ളികള്‍ക്കും ഇതോടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.

2014ല്‍ ഓസ്ട്രിയ നടപ്പാക്കിയ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് പള്ളികള്‍ പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മതസംഘടനകള്‍ക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രസ്തുത നിയമത്തില്‍, ഓസ്ട്രിയയോടും ഇവിടുത്തെ ജനങ്ങളോടും മുസ്‌ലിം സമുദായങ്ങള്‍ക്ക് സഹകരണ മനോഭാവം ഉണ്ടായിരിക്കണമെന്നും അനുശാസിക്കുന്നു. രാഷ്ട്രീയ ഇസ്‌ലാമിനും റാഡിക്കലൈസ് ചെയ്യുന്ന പ്രവണതക്കും ഓസ്ട്രിയയില്‍ ഒരു സ്ഥാനവുമില്ലെന്നും ചാന്‍സലര്‍ വ്യക്തമാക്കി.

തീവ്രസ്വഭാവം സംശയിക്കുന്നതിനാലാണ് പള്ളികള്‍ അടച്ചിടുന്നതെന്നും ഇതിന് പുറമെ ഓസ്ട്രിയൻ ഇസ്‌ലാമിക് ഫെയ്ത് കമ്മ്യൂണിറ്റി ഇതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ കാരണത്താല്‍ നാല്‍പ്പതിലധികം ഇമാമുമാര്‍ സംശയ നിഴലിലാണെന്നും ചാന്‍സലര്‍ വ്യക്തമാക്കി.

ആഗോള തലത്തില്‍ തീവ്രവാദ സ്വഭാവത്തിന്റെ പേരില്‍ പഴികേട്ടു കൊണ്ടിരിക്കുന്ന വിഭാഗമാണ് സലഫികള്‍.