Connect with us

International

സിറിയയിലെ ഇദ്‌ലിബില്‍ റഷ്യന്‍ വ്യോമാക്രമണം; 44 മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യം നടത്തിയതെന്ന് കരുതപ്പെടുന്ന വ്യോമാക്രമണത്തില്‍ 44 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബിലെ സര്‍ദാന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. ഈ വര്‍ഷം ഒരൊറ്റ വ്യോമാക്രമണത്തില്‍ ഇത്രയും അധികം സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. മരിച്ചവരില്‍ 11 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടുന്നതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. അതേസമയം, തങ്ങളുടെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന വാര്‍ത്തകളെ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. ആക്രമണത്തില്‍ അറുപതിലധികം സാധാരണക്കാര്‍ക്ക് പരുക്കേറ്റതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നോമ്പ് തുറന്ന് കുറച്ചുകഴിഞ്ഞപ്പോഴായിരുന്നു വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് ഭയപ്പെടുന്നു. സര്‍ദാന ജില്ലയിലെ ഒരു മാര്‍ക്കറ്റ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സിറിയയിലെ വൈറ്റ് ഹെല്‍മെറ്റ് സന്നദ്ധ സംഘടന പറഞ്ഞു. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിറിയയിലെ വിമതരെ ലക്ഷ്യമാക്കി ഇത്ര ശക്തമായ വ്യോമാക്രമണം ഉണ്ടായിട്ടില്ല. സിറിയന്‍, റഷ്യന്‍ സൈന്യവുമായി ധാരണയിലെത്തിയ പ്രകാരം നിരവധി വിമതര്‍ ഇദ്‌ലിബിലാണ് അഭയം തേടിയിരിക്കുന്നത്.