കൂടിക്കാഴ്ച ഫലപ്രദമായാല്‍ കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിക്കും: ട്രംപ്

ട്രംപ്- ഉന്‍ കൂടിക്കാഴ്ച മുന്നോട്ടു തന്നെയെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി
Posted on: June 9, 2018 6:13 am | Last updated: June 9, 2018 at 12:04 am
SHARE
‘ട്രംപ്- ഉന്‍ കൂടിക്കാഴ്ചക്ക് നിശ്ചയിച്ച സെന്റോസയിലെ കപെല്ല ഹോട്ടല്‍

ന്യൂയോര്‍ക്ക്: അടുത്ത ചൊവ്വാഴ്ച സിംഗപ്പൂരില്‍ വെച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച വിജയകരമാണെങ്കില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ചര്‍ച്ച വിജയകരമാകില്ലെന്ന് ഉറപ്പായാല്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്ക സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

തീര്‍ച്ചയായും ചര്‍ച്ച വിജയകരമാണെങ്കില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിക്കും. ഇതിനോട് അനുകൂലമായ സമീപനമാണ് കിം ജോംഗ് ഉന്നിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്ന് പ്രതീക്ഷിക്കുന്നു. 1950-1953ലെ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍(നിലവില്‍ വെടിനിര്‍ത്തല്‍ കരാര്‍ മാത്രമാണ്) കിം ജോംഗ് ഉന്നുമായി കരാറിലെത്താന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതായിരിക്കും ആദ്യം ചുവട്. ഇതിനെ കുറിച്ച് മറ്റുള്ളവരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. താരതമ്യേന എളുപ്പമായ ഭാഗമാണ് ഇതെന്നും കടുപ്പമേറിയ ഭാഗം അപ്പോഴും ബാക്കി കിടക്കുകയാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു. ഉത്തര കൊറിയയെ ആണവ നിരായുധീകരണ പാതയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് കടുപ്പമേറിയ എന്ന പ്രയോഗം ട്രംപ് നടത്തിയത്. കൊറിയന്‍ യുദ്ധത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ ഇപ്പോഴും അമേരിക്കയുടെ 28,500 സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അധികം വൈകാതെ ഉത്തര കൊറിയന്‍ സര്‍ക്കാറുമായി അമേരിക്കയുടെ ബന്ധം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഉത്തര കൊറിയയെ ആണവനിരായുധീകരണ പാതയിലേക്ക് കൊണ്ടുവരികയെന്നതാണ്. എന്നാല്‍ ഏകപക്ഷീയമായി തങ്ങളുടെ എല്ലാ ആണവായുധങ്ങളും ഉപേക്ഷിക്കാന്‍ ഉത്തര കൊറിയയും തയ്യാറായിട്ടില്ല.

ചര്‍ച്ചയുമായി മുന്നോട്ടുതന്നെയെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. കൊറിയന്‍ മേഖലയെ ആണവവിമുക്തമാക്കാന്‍ സാധിക്കുമെന്നാണ് ട്രംപ് കരുതുന്നത്. ഉച്ചകോടിക്ക് അദ്ദേഹം എത്തുന്നത് രണ്ട് കണ്ണുകളും തുറന്നുപിടിച്ചു കൊണ്ടുതന്നെയാണ്. ഉത്തര കൊറിയയെ കൂടി സുരക്ഷിതമാക്കുക എന്നതാണ് ട്രംപിന്റെ താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിം ജോഗ് ഉന്‍ ഞായറാഴ്ച സിംഗപ്പൂരിലെത്തും

സിംഗപ്പൂര്‍ സിറ്റി: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്ക് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ഞായറാഴ്ച ന്നെ സിംഗപ്പൂരിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലായിരിക്കും അദ്ദേഹത്തിന്റെ വിമാനം വന്നിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിമ്മിന്റെ യാത്രാ പദ്ധതികള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിലെ മുതിര്‍ന്ന ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചാംഗി വിമാനത്താവള അധികൃതര്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരു വിഭാഗവും അവരുടെ നേതാക്കളുടെ യാത്ര സംബന്ധിച്ച അവസാന വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ വന്നിറങ്ങിയിരുന്ന പായ ലെബാര്‍ വിമാനത്താവളത്തിലായിരിക്കും ട്രംപ് വന്നിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here