Connect with us

Kerala

തീവ്രമായ ആരാധനയുടെ അവസാന സമയം

Published

|

Last Updated

അതി ശ്രേഷ്ഠമായ അവസാന പത്തിലെ അനര്‍ഘ ദിനരാത്രങ്ങളിലൂടെ കടന്നുപോവുകയാണ് നാം. മുഴുസമയവും പരമാവധി ആരാധനകളില്‍ സജീവമാകേണ്ട സന്ദര്‍ഭമാണിത്. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ട് ഇഅ്തികാഫ് അനുഷ്ഠിക്കുന്ന അവസരം. സമൂഹ നോമ്പുതുറകളും സാന്ത്വന പ്രവര്‍ത്തനങ്ങളും റിലീഫ് വിതരണങ്ങളും മറ്റും സാര്‍വത്രികമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയം.

പക്ഷേ, പള്ളികളില്‍ ജനം കുറഞ്ഞുതുടങ്ങി. അങ്ങാടികളിലും കച്ചവടങ്ങളിലും സജീവമായി. അത്യാവശ്യത്തിന് വേണ്ടതെല്ലാം ചെയ്തുവെച്ചത് പോലെയാണ് പലരുടെയും മനോഭാവമെന്ന് തോന്നിപ്പോകും. ആദ്യ പത്തില്‍ ആരാധനകളില്‍ സജീവമായിരുന്നു. പള്ളികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ബദ്‌രീങ്ങളുടെ ആണ്ട് കഴിഞ്ഞതോടെ മുങ്ങുന്ന പലരും പിന്നെ ഇരുപത്തേഴാം രാവിനാണ് പൊങ്ങുന്നത്. നിപ്പാ ഫോബിയ കൂടിയായപ്പോള്‍ പള്ളിയില്‍ വരാതിരിക്കാന്‍ ഒരു കാരണവുമായി. ഹൗള് ഉപയോഗിക്കരുതെന്ന വിജ്ഞാപനം വന്നപ്പോള്‍ വിശേഷിച്ചും.

മൂന്നാമത്തെ പത്തില്‍ മൂന്ന് സുപ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ദിക്‌റുകളാണ് വര്‍ധിപ്പിക്കേണ്ടത്. നരക മോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെയും വിട്ടുവീഴ്ചയുടെയും സന്ദേശം വിളംബരപ്പെടുത്തുന്ന ചേതോഹരമായ പ്രാര്‍ഥനകള്‍. ഖദ്‌റിന്റെ രാത്രിക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ഞാനെന്താണ് വര്‍ധിപ്പിക്കേണ്ടതെന്ന് ആഇശ(റ)യുടെ ചോദ്യത്തിന് മുത്തുനബി(സ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു: അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫുഅന്നീ..

തിരുനബി(സ) റമസാന്‍ അവസാന പത്ത് സമാഗതമായാല്‍ അരയുടുപ്പ് മുറുക്കിയുടുത്ത് ഇബാദത്തുകളില്‍ കൂടുതല്‍ സജീവമാകുകയും ഭാര്യമാരെ വിളിച്ചുണര്‍ത്തി ആരാധനകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
ഓഫറുകള്‍ അവസാനിക്കാറാകുമ്പോള്‍ തിരക്കുപിടിച്ച് ഉപയോഗപ്പെടുത്താന്‍ നെട്ടോട്ടമോടുന്ന ആധുനിക മനുഷ്യന്‍ പാരത്രിക വിജയം തീര്‍ച്ചപ്പെടുത്താവുന്ന ഏറ്റവും മികച്ച ആത്മീയ ഓഫറുകള്‍ പുറംകാലുകൊണ്ട് തട്ടിമാറ്റി അവഗണിക്കുന്നത് എത്രമാത്രം അപകടകരമാണ്. റമസാന്‍ സമാഗതമായിട്ട് അര്‍ഹമായ പരിഗണന നല്‍കാതെ അവഗണിക്കുന്നവരെ അല്ലാഹു ശപിക്കട്ടെ എന്ന ജിബ്‌രീല്‍ (അ)ന്റെ പ്രാര്‍ഥനക്ക് തിരുനബി(സ) ആമീന്‍ പറഞ്ഞ സംഭവം പ്രസിദ്ധമാണ്.

കഴിഞ്ഞുപോയ രണ്ട് പത്തുകളില്‍ ദൈവീക കാരുണ്യവും പാപമോചനവും ലഭിച്ചുവോ എന്നും അന്ത്യ പത്തിലെ അനര്‍ഘ നാളുകളില്‍ നരക മോചനവും സ്വര്‍ഗ പ്രവേശനവും ലഭിക്കുമോ എന്നും ആശങ്കപ്പെടുന്നവനാണ് യഥാര്‍ഥ വിശ്വാസി.

---- facebook comment plugin here -----

Latest