Connect with us

Kerala

കാഴ്ചാപരിമിതരെ ഇരുട്ടിലാക്കി സാമൂഹിക നീതി വകുപ്പ്

Published

|

Last Updated

കൊച്ചി: കാഴ്ചയില്ലാത്തവര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പദ്ധതിയെ സാമൂഹികനീതി വകുപ്പ് ഇരുട്ടിലാക്കുന്നുവെന്ന് ആരോപണം. കാഴ്ചാപരിമിതിയുള്ളവരെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ 2007ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ഇന്‍സൈറ്റ് സാമൂഹിക നീതി വകുപ്പിന്റെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് നിര്‍ത്താന്‍ നീക്കം തുടങ്ങി. സാങ്കേതിക വിദ്യയുടെ സേവനം പ്രയോജനപ്പെടുത്തി കാഴ്ചാ പ്രതിസന്ധികളെ അതിജീവിക്കാനാണ് ഇന്‍സൈറ്റ് എന്ന പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഓണ്‍ലൈനിലൂടെ അപേക്ഷകളും മറ്റും സമര്‍പ്പിക്കുന്നതിന് സഹായിക്കുക, മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും കമ്പ്യൂട്ടറിലും ടോക്കിംഗ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കുക, കാഴ്ചാ പരിമിതര്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, ഓണ്‍ലൈന്‍ വഴി അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കുക തുടങ്ങിയ സേവനങ്ങള്‍ക്കായി സംസ്ഥാനത്തെ കാഴ്ചാ പരിമിതി നേരിടുന്ന ആര്‍ക്കും ഇന്‍സൈറ്റിനെ സമീപിക്കാനുള്ള സംവിധാനമുണ്ട്. കാഴ്ചാപരിമിതിയുള്ള ഏതൊരു വ്യക്തിക്കും എന്ത് സാങ്കേതിക സഹായത്തിനും നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാവുന്ന ഹെല്‍പ്പ് ഡെസ്‌ക്കടക്കമുള്ള, സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏക പദ്ധതി കൂടിയാണിത്. ഇതാണ് നിര്‍ത്താനുള്ള ശ്രമം തുടങ്ങിയത്. ഇന്‍സെറ്റിന്റെ നടത്തിപ്പിനായുള്ള കരാര്‍ അവസാനിച്ച് ഒരു വര്‍ഷമായിട്ടും നടപടികള്‍ വൈകിപ്പിച്ച് സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണെന്നാണ് പരാതി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ചാപരിമിതിയെ തോല്‍പ്പിച്ച് ഉന്നത സ്ഥാനങ്ങളിലെത്തിക്കുന്ന നിരവധി പേരുള്ളപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടലിനൊരുങ്ങുന്നത്. സാമൂഹിക നീതി വകുപ്പിലെ ഒരു ഉന്നതന്റെ പിടിവാശി മൂലമാണ് പദ്ധതി മനഃപൂര്‍വമായ അനാസ്ഥ നേരിടുന്നതെന്നാണ് ആരോപണം.

Latest