ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യന്‍; ഹൈക്കമാന്‍ഡിനെ നേരില്‍ കണ്ട് പരാതി പറയും

Posted on: June 9, 2018 6:09 am | Last updated: June 8, 2018 at 11:55 pm
SHARE

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ അജന്‍ഡയാണെന്ന് പി ജെ കുര്യന്‍. വ്യക്തിവിരോധം വെച്ച് ഉമ്മന്‍ ചാണ്ടിയാണ് ഇതിന് പിന്നില്‍ കളിച്ചത്. 2012ലും സമാനമായ രീതിയില്‍ തനിക്ക് സീറ്റ് നല്‍കുന്നതിനെതിരെ ഉമ്മന്‍ ചാണ്ടി കളിച്ചിരുന്നു. അന്ന് എകെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് തന്നെ പിന്തുണച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുര്യന്‍ ആരോപിച്ചു. സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിട്ടുപോകുമെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിപ്പിച്ചു. രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫിന്റെ ഭാഗമാവുമായിരുന്നു. തനിക്ക് രാജ്യസഭാ സീറ്റു നല്‍കുന്നതിനോട് ഹൈക്കമാന്‍ഡ് അനുകൂലമായിരുന്നു. ഇതു സംബന്ധിച്ച സൂചനകളും ദേശീയ നേതൃത്വം നല്‍കിയിരുന്നു. ഇതുമൂലമാണ് രാഹുലിന് അയച്ച കത്തില്‍ രാജ്യസഭാ സീറ്റ് വേണ്ടെന്ന് പറയാതിരുന്നത്.

ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കെതിരെ കേന്ദ്ര നേതത്വത്തെ നേരില്‍ കണ്ട് സത്യാവസ്ഥ ബോധിപ്പിക്കും. തന്നെ പുറത്താക്കുക എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ഉദ്ദേശ്യം. താന്‍ പ്രായമുള്ള നേതാവാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ശിഷ്യന്‍മാരെ ഇറക്കി കളിക്കുകയായിരുന്നു. എന്നാല്‍, താനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ രണ്ടോ മൂന്നോ വയസ്സിന്റെ വ്യത്യാസമേയുള്ളൂവെന്നും കുര്യന്‍ പറഞ്ഞു.