കസ്റ്റഡിയില്‍ വെച്ചും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നെന്ന് ഉസ്മാന്‍

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ വ്യാജം
Posted on: June 9, 2018 6:07 am | Last updated: June 8, 2018 at 11:53 pm
SHARE

കൊച്ചി: പോലീസ് കസ്റ്റഡിയിലും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നതായി ആലുവയില്‍ പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ഉസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എടത്തല പോലീസ് സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയ പോലീസുകാര്‍ കാലുകള്‍ക്കിടയില്‍ പിടിച്ച് കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നു. എടത്തല റോഡില്‍ വെച്ച് തന്നെ ആദ്യം പോലീസുകാരാണ് മര്‍ദിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്നും ഉസ്മാന്‍ പറഞ്ഞു.

പോലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ വ്യാജമാണ്. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ബൈക്കിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് പോലീസ് വന്ന കാറിന്റെ ഡ്രൈവറായിരുന്നു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി മര്‍ദിക്കാന്‍ തുടങ്ങി. സമീപത്തെ കച്ചവടക്കാര്‍ മര്‍ദനം തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു. ആദ്യം അവര്‍ പോലീസുകാരാണെന്ന് അറിഞ്ഞില്ലെന്നും ഉസ്മാന്‍ പറയുന്നു.

സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തല കാലിനിടയില്‍ പിടിച്ച് കൊടുത്ത ശേഷം കൈയുടെ മുട്ടിന് പുറത്ത് മര്‍ദിച്ചു. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ശരീരത്തിന് അസഹ്യമായ വേദനയുണ്ടെന്നും ഒരു കണ്ണിന് കാഴ്ച ശരിയായിട്ടില്ലെന്നും ഉസ്മാന്‍ പറഞ്ഞു.

2011ല്‍ തന്റെ പേരില്‍ ആരോപിക്കുന്ന കേസ് താന്‍ പങ്കാളിയാകാത്ത സംഭവത്തിലാണ്. കണ്ടാലറിയാവുന്ന 100ഓളം പേരില്‍ ഒരാളായാണ് തന്നെ പ്രതിചേര്‍ത്തത്. അന്ന് ആലുവ കൊച്ചിന്‍ ബേങ്ക് കവലയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞ് ചെന്നപ്പോള്‍ ലാത്തിച്ചാര്‍ജ് കണ്ടു. നാട്ടുകാരല്ലാത്തതിനാല്‍ തിരികെ പോയെങ്കിലും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റവാളിയല്ലെന്ന് മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് തൊട്ടടുത്ത ദിവസം ജാമ്യം അനുവദിച്ചെന്നും ഉസ്മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here