Connect with us

Kerala

അടിയന്തര പ്രമേയം പരിഗണിച്ചില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്നുള്ള ആവശ്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരസിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ആലുവയില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ തീവ്രവാദ ബന്ധമുള്ളവരെ പ്രതിപക്ഷം സഹായിക്കുന്നുവെന്നും ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നുമുള്ള പരമാര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി ടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

ഏതെങ്കിലും പരാമര്‍ശത്തിനെതിരെ ആക്ഷേപം ഉണ്ടെങ്കി ല്‍ അത് രേഖയില്‍ നിന്ന് നീക്കാ ന്‍ ആവശ്യപ്പെടുകയല്ലാതെ ചട്ടപ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമാണെന്നും അടിയന്തര പ്രാധാന്യമുള്ളതിനാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി പ്രതിപക്ഷത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. പ്രതിപക്ഷത്തെ അടച്ച് ആക്ഷേിച്ചതിന് പുറമെ ആലുവക്കാരെയും ആക്ഷേപിച്ചതായി ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ആരോപിക്കുന്നത് പോലുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞതോടെ സഭ പ്രക്ഷുബ്ധമായി. ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വെല്ലുവിളി നടന്നു. ഇതിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് കെ സി ജോസഫ് എഴുതി നല്‍കിയ കാര്യങ്ങള്‍ ചെയര്‍ പരിശോധിച്ചുവരികയാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. പിന്നീട് ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും സ്പീക്കള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാതെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.