Connect with us

Kerala

കോഴിക്കോട് മോളിക്യുലാര്‍ ലാബിന് 1.2 കോടി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നൂതന മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനായി 1.2 കോടി രൂപയുടെ ഭരണാനുമതി. മറ്റു തരത്തിലുള്ള ലാബ് പരിശോധനകളിലൊന്നും വ്യക്തമാകാത്ത സങ്കീര്‍ണമായ രോഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടുപിടിക്കാന്‍ മോളിക്യുലാര്‍ ലാബിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ലാബ് പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ വളരെ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ കോളജിനുള്ളില്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

മാതൃശിശു മന്ദിരത്തിലാണ് മോളിക്യുലാര്‍ ലാബ് സ്ഥാപിക്കുന്നത്. മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് സംവിധാനത്തിനായി അഡ്ജസ്റ്റബിള്‍ സിങ്കിള്‍ ചാനല്‍ പിപ്പിറ്റേഴ്‌സ്, ക്ലാസ് 2 ബയോസേഫ്റ്റി ക്യാബിനറ്റ്, തെര്‍മല്‍ സൈക്ലര്‍, റിയല്‍ ടൈം പി സി ആര്‍, എലിസ റീഡര്‍, ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഡാറ്റ അനലൈസിസ് സിസ്റ്റം, എച്ച് എല്‍ എ അനലൈസിംഗ് സിസ്റ്റം, സിവില്‍ ജോലികള്‍ തുടങ്ങിയവക്കാണ് തുക അനുവദിച്ചത്. ശ്വാസകോശാര്‍ബുദം, രക്താര്‍ബുദം, സ്തനാര്‍ബുദം എന്നിവ ഫലപ്രദമായി നിര്‍ണയിക്കുന്നതിന് മോളിക്യുലാര്‍ ലാബിലൂടെ കഴിയും. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അവയവങ്ങളുടെ ചേര്‍ച്ച നോക്കുന്ന എച്ച് എല്‍ എ സംവിധാനവും ഇവിടെ ഒരുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചുവരുന്ന മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂനിറ്റില്‍ നടത്തുന്ന ഗവേഷണങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇത് സാക്ഷാത്കരിക്കുന്നത്.

Latest