പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്നു

Posted on: June 9, 2018 6:04 am | Last updated: June 8, 2018 at 11:49 pm
SHARE

കണ്ണൂര്‍ പഴയങ്ങാടിയിലെ മോഷണം നടന്ന ജ്വല്ലറിയില്‍
വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു604

പഴയങ്ങാടി (കണ്ണൂര്‍): പഴയങ്ങാടി ടൗണില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. 3.4 കിലോഗ്രാം സ്വര്‍ണാഭരങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ജ്വല്ലറി ഉടമയായ കണ്ണൂര്‍ സ്വദേശി എ പി ഇബ്‌റാഹിമും രണ്ട് ജീവനക്കാരും ജുമുഅ നിസ്‌കാരത്തിനായി കട അടച്ച് പള്ളിയില്‍ പോയപ്പോഴാണ് സംഭവം.

കടക്ക് മുന്നില്‍ തുണികൊണ്ട് മറയുണ്ടാക്കി സി സി ടി വി ക്യാമറക്ക് സ്‌പ്രേ പെയിന്റടിച്ച് മറച്ചതിന് ശേഷം രണ്ട് പൂട്ടുകള്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണം, രണ്ട് ലക്ഷം രൂപ, എ ടി എം കാര്‍ഡ് മറ്റ് സുപ്രധാന രേഖകള്‍ എന്നിവ അടങ്ങിയ ബാഗും കവര്‍ച്ച ചെയ്യപ്പെട്ടു. സി സി ടി വിയുടെ കമ്പ്യൂട്ടറടക്കം മോഷ്ടിച്ചാണ് കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞത്. ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുകൊണ്ട് എല്ലാ ബസുകളും ജല്ലറിയുടെ മുന്നിലാണ് നിര്‍ത്തിയിടുന്നത്.

തളിപ്പറമ്പ് ഡി വൈ എസ് പി. കെ വി വേണുഗോപാല്‍ പഴയങ്ങാടി എസ് ഐ ബിനുമോഹനന്‍, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മണംപിടിച്ച് പോലീസ് നായ മാടായിപ്പാറയിലെ കോളജ് പരിസരം വരെ പോയി. സി സി ടി വിയുടെ ടി വി ആര്‍ സിസ്റ്റം കവര്‍ച്ചക്കാര്‍ കൊണ്ടുപോയത് പോലീസിനെ വലക്കുന്നുണ്ട്. അടുത്തുള്ള കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രധാന തെളിവൊന്നും ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here