Connect with us

Kerala

കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ആളുന്നു; തെരുവിലും കലാപം

Published

|

Last Updated

മലപ്പുറം ഡി സി സി ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ്
കൊടിമരത്തില്‍ കെട്ടിയ മുസ്‌ലിം ലീഗ് പതാക

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ പ്രതിഷേധം തെരുവിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകളിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു. കോണ്‍ഗ്രസ്, ലീഗ്, കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രകടനങ്ങള്‍.

മുന്നണിയിലേക്ക് ഒരു പാര്‍ട്ടി തിരികെ എത്തുന്നതില്‍ ഇത്രമാത്രം കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം അടുത്തകാലത്തൊന്നും കേരള രാഷ്ട്രീയം കണ്ടിട്ടില്ല. മാണിക്ക് സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യാപകമായി പരാതി ലഭിച്ചിരുന്നു. തീരുമാനം പിന്‍വലിച്ച് സീറ്റ് കോണ്‍ഗ്രസിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവ എം എല്‍ എമാരും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍, തീരുമാനം പിന്‍വലിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. സീറ്റ് മാണിക്ക് നല്‍കിയ സാഹചര്യം നേതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. പ്രശ്‌നം അതിരുകടന്നാല്‍ മാത്രം ഇടപെടുമെന്ന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ യുവ എം എല്‍ എമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലെ പരിഹാസവും വ്യാപകമാകുന്നു. യു ഡി എഫ് യോഗം നടന്ന കന്റോണ്‍മെന്റ് ഹൗസിലേക്കും കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കളമശ്ശേരിയിലും നാട്ടികയിലും പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു. കെ പി സി സി സെക്രട്ടറി ജയന്തിന്റെ രാജിക്ക് പിന്നാലെ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും രാജിവെച്ചു.

മലപ്പുറം ഡി സി സി ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് കൊടിമരത്തില്‍ മുസ്‌ലിം ലീഗിന്റെ പതാക കെട്ടിയായിരുന്നു പ്രതിഷേധം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ച ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമിട്ട് ഇന്നലെ കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നു. ഉമ്മന്‍ ചാണ്ടിയുടെ ഗൂഢാലോചനയാണെന്ന് പി ജെ കുര്യന്‍ ആവര്‍ത്തിച്ചപ്പോള്‍ കെ വി തോമസ് എം പിയും പ്രതിഷേധവുമായി രംഗത്തുവന്നു.