Connect with us

Articles

ശൈഖ് അബ്ദുല്ല: പുസ്തകങ്ങളെ സ്‌നേഹിച്ച ഭരണാധികാരി

Published

|

Last Updated

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫയും (ഫയല്‍ ചിത്രം)

ആധുനിക ബഹ്‌റൈന്റെ ബൗദ്ധിക ശില്‍പിയായിരുന്നു കഴിഞ്ഞ ദിവസം ലോകത്തോട് വിടപറഞ്ഞ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫ. ഉറച്ച സുന്നി വിശ്വാസി, ഗ്രന്ഥകാരന്‍, നിയമവിശാരദന്‍, ശ്രദ്ധേയനായ ഭരണാധികാരി, പുസ്തകാലയങ്ങളുടെ രൂപകര്‍ത്താവ് തുടങ്ങി ഒട്ടനേകം ഗുണങ്ങളുടെ പ്രതിരൂപമായിരുന്നു ശൈഖ് അബ്ദുല്ല. വ്യക്തിപരമായി ആഴത്തിലുള്ള ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. വൈജ്ഞാനിക ചര്‍ച്ചകളില്‍ ഏറെ ഉത്സാഹിയായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് എനിക്കും വളരെ താത്പര്യമുള്ള കാര്യമായിരുന്നു. ബഹ്‌റൈനില്‍ ഉണ്ടെന്നറിഞ്ഞാല്‍ പലപ്പോഴും അദ്ദേഹം വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. പുഞ്ചിരിയുടെ തെളിച്ചമുള്ള മുഖത്തോടെ സ്വീകരിക്കും. കുറെ സംസാരിക്കും. പാണ്ഡിത്യത്തിന്റെ ഗരിമ അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമായിരുന്നു. മുസ്‌ലിം ലോകത്തിന്റെ സമകാലിക അവസ്ഥയെക്കുറിച്ചു മികച്ച ധാരണയുണ്ടായിരുന്നു ശൈഖ് അബ്ദുല്ലക്ക്. ഇസ്‌ലാമിക രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതി സൃഷ്ടിപരമായി എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ ആ സംസാരങ്ങളില്‍ പലപ്പോഴും കടന്നുവരുമായിരുന്നു. മികച്ച ധിഷണയും ഭരണപാടവവും മതപരമായ താത്പര്യങ്ങളുമുള്ളവര്‍ അധികാരത്തിലെത്തി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമ്പോള്‍ മുസ്‌ലിം ലോകം ഉത്‌സാഹഭരിതമായിത്തീരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനങ്ങള്‍. മികച്ച സത്കാരപ്രിയനുമായിരുന്നു അദ്ദേഹം. ഓരോ തവണ പോകുമ്പോഴും വിശിഷ്ട വിഭവങ്ങള്‍ ഒരുക്കിവെക്കും. സ്‌നേഹത്തോടെ ഭക്ഷണം കഴിപ്പിക്കും. എങ്ങനെയാവണം ഒരു മുസ്‌ലിം ഭരണാധികാരിയുടെ ജീവിതം എന്നതിന്റെ ശ്രദ്ധേയമായ മാതൃകയായിരിരുന്നു ശൈഖിന്റെ ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

1922ലാണ് ശൈഖ് അബ്ദുല്ല ജനിച്ചത്. വൈജ്ഞാനികമായുള്ള അദ്ദേഹത്തിന്റെ താത്പര്യം കണ്ടു ചെറുപ്പത്തിലേ മാതാപിതാക്കള്‍ മതപഠനം നല്‍കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. തുടര്‍ന്ന് ഖുര്‍ആന്‍ അദ്ദേഹം മനഃപാഠമാക്കി. അക്കാലത്തെ പ്രശസ്തമായ അല്‍ ഹിദായ അല്‍ ഖലീഫിയ്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 1940ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. പിന്നീട് വളരെ ചെറുപ്പത്തില്‍ തന്നെ കര്‍മഗോദയിലിറങ്ങി അദ്ദേഹം. ബഹ്‌റൈനിലെ വിവിധ കോടതികളില്‍ ജഡ്ജിയായി സേവനം ചെയ്തു. 1957ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. അഞ്ച് വര്‍ഷം ആ സ്ഥാനത്ത് സേവനം ചെയ്തു. ഇസ്‌ലാമികവും സെക്കുലറുമായ നിയമങ്ങളെക്കുറിച്ചുള്ള ആഴമുള്ള ധാരണ കൂടുതല്‍ ഉചിതമായി നീതിനടപ്പിലാക്കുന്നതിനു അദ്ദേഹത്തെ സഹായിച്ചു.

രാജ്യത്തിന്റെ വികാസം വ്യത്യസ്ത തലത്തില്‍ സാധ്യമാക്കാന്‍ നല്ലത് രാഷ്ട്രീയ ദൗത്യങ്ങള്‍ ഊര്‍ജസ്വലതയോടെ ഏറ്റെടുത്തു നടപ്പിലാക്കലാണ് എന്ന് ഈ കാലത്ത് ശൈഖ് അബ്ദുല്ല തിരിച്ചറിഞ്ഞു. 1962-ല്‍ മനാമ മുന്‍സിപ്പാലിറ്റി കേന്ദ്രമായ രിഫായുടെ മേയറായി അദ്ദേഹം നിയമിതനായി. റോഡ് നിര്‍മാണം, പരിസ്ഥിതി സൗഹൃദ തലത്തില്‍ നഗരത്തിനു മോഡി കൂട്ടല്‍, ഗതാഗത സൗകര്യം വിപുലമാക്കല്‍, തുടങ്ങി പുതിയ ഭരണമാതൃക അവിടെ അദ്ദേഹം രൂപപ്പെടുത്തി. അതോടൊപ്പം തന്നെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും കൃത്യമായ ആസൂത്രണത്തോടെ നഗരവികാസം സാധ്യമാക്കുന്നതിനും യത്‌നിച്ചു. 1967 മുതല്‍ 1970 വരെ രാഷ്ട്രത്തിന്റെ പ്ലാനിങ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായും തുടര്‍ന്ന് നിയമ മത വകുപ്പ് മന്ത്രിയായും നിയമിതനായി. പിന്നീട് പതിറ്റാണ്ടുകള്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ പ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. ഉപപ്രധാന മന്ത്രി വരെയായി. താന്‍ ഇടപെടുന്ന ഏതു മേഖലയെയും അസാധാരണമായി ശോഭിപ്പിക്കാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിന്. ഓരോ മണ്ഡലങ്ങളിലും അത്യധികം ആത്മാര്‍ഥതയോടെ, അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും കാംക്ഷിക്കാതെയായിരുന്നു ചുമതലാ നിര്‍വഹണങ്ങള്‍. അതുകൊണ്ടു തന്നെ, ബഹ്‌റൈന്‍ ജനത കലര്‍പ്പില്ലാത്ത സ്‌നേഹത്തോടെ അദ്ദേഹത്തെ വരവേറ്റു. ആദരിച്ചു. അറബ് ലോകത്തെ ഭരണാധികാരികള്‍ ശൈഖ് അബ്ദുല്ലയുടെ ഇടപെടലുകള്‍ ശ്രദ്ധിച്ചു. അതില്‍ നിന്ന് മാതൃക സ്വീകരിച്ചു. 96 വര്‍ഷത്തെ ദീര്‍ഘമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ അധ്യായവും പരിചയസമ്പത്തും പലര്‍ക്കും ഭരണതലത്തില്‍ ഉചിതമായി നീങ്ങാനുള്ള മാതൃകകളായിരുന്നു. അദ്ദേഹത്തിന്റെ വിടപറച്ചിലിനെ തുടര്‍ന്ന് അറബ് ലോകത്തെ ഭരണാധികാരികളില്‍ നിന്നുള്ള ഹൃദയത്തില്‍ തട്ടുന്ന അനുശോചന വചനങ്ങള്‍ എത്രമാത്രം അഗാധമായി അവരെയൊക്കെ ശൈഖ് അബ്ദുല്ല സ്വാധീനിച്ചു എന്നത് കാണിക്കുന്നു.

ഗ്രന്ഥങ്ങളുടെ സ്‌നേഹിതന്‍ എന്ന് ശൈഖ് അബ്ദുല്ലയെ വിശേഷിപ്പിക്കാനാണ് എനിക്ക് താത്പര്യം. അത്രമേല്‍ പുസ്തകങ്ങളെ അദ്ദേഹം സ്‌നേഹിച്ചു. ഒരിക്കല്‍ സംസാരിക്കുമ്പോള്‍ മര്‍കസിലെ പതിനായിരക്കണക്കിനു കിതാബുകള്‍ ഉള്ള ലൈബ്രറിയെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ വളരെ താത്പര്യത്തോടെ ആ ഗ്രന്ഥങ്ങളുടെ സ്വഭാവവും തരവുമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു. ബഹ്‌റൈനിലെ അറിവിന്റെ മണ്ഡലത്തെ ലൈബ്രറി നിര്‍മാണങ്ങളിലൂടെ ചെറുപ്രായത്തിലേ അദ്ദേഹം പരിപോഷിപ്പിച്ചു. വിദ്യാഭ്യാസ കാലം മുതലേ പരന്ന വായനക്ക് സമയം കണ്ടെത്തിയിരുന്നു അദ്ദേഹം. ചരിത്രം, സംസ്‌കാരം, ഭാഷാ ശാസ്ത്രം, ഫിഖ്ഹ്, സാഹിത്യം എന്നീ മേഖലകളില്‍ അദ്ദേഹം സവിശേഷമായ താത്പര്യം കാണിച്ചു. എന്നാല്‍, അതോടൊപ്പം തന്നെ എല്ലാ തരത്തിലുള്ള ഗ്രന്ഥങ്ങളും വായിച്ചു.

1954ല്‍ ബഹ്‌റൈനിലെ ആദ്യ പൊതു ഗ്രന്ഥശാലയായ ഖലീഫ മക്തബ അദ്ദേഹം മുറഫഖ് നഗരത്തില്‍ സ്ഥാപിച്ചു. അതോടെ പുസ്തക സ്‌നേഹികള്‍ അങ്ങോട്ട് ഒഴുകിത്തുടങ്ങി. പ്രത്യേകിച്ച്, ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികളും യുവജനങ്ങളും. നിരവധി ധനാഢ്യരെക്കൊണ്ട് ശൈഖ് അബ്ദുല്ല പുസ്തകങ്ങളും ഷെല്‍ഫുകലും സ്‌പോണ്‍സര്‍ ചെയ്യിച്ചു. 1978ല്‍ ചരിത്ര രേഖ സംരക്ഷണ കേന്ദ്രത്തിന്റെ ചെയര്‍മാനായി അദ്ദേഹം നിയമിതനായി. പുരാതനകാലം മുതലുള്ള ബഹ്‌റൈന്‍ ചരിത്രവുമായി ബന്ധപ്പെട്ട 70,000 രേഖകള്‍ ഉണ്ടായിരുന്നു അവിടെ. അവ ഭദ്രമായി സൂക്ഷിക്കാനും ഡിജിറ്റലൈസ് ചെയ്യാനും അദ്ദേഹം വിവിധ പദ്ധതികള്‍ നടപ്പിലാക്കി. അതോടൊപ്പം പ്രശസ്തമായ ഒരു ലൈബ്രറിയും അവിടെ സ്ഥാപിച്ചു. അറബ് ലോകവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പൊതുവിലും ബഹ്‌റൈനുമായി ബന്ധപ്പെട്ടുള്ളവ വിശേഷിച്ചും അവിടെ വാങ്ങിസൂക്ഷിച്ചു. 2000-ല്‍ സ്ഥാപിതമായ മനാമയിലെ ഇസാ കള്‍ച്ചറല്‍ സെന്ററിലെ നാഷനല്‍ ലൈബ്രറിയുടെ സംസ്ഥാപനത്തിലും ശൈഖ് അബ്ദുല്ല മുഖ്യ പങ്കു വഹിച്ചു. രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറിയാണത് ഇന്ന്.

സ്വന്തമായി ഉള്ള ശൈഖ് അബ്ദുല്ലയുടെ പുസ്തക ലോകം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി എന്നാണു മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിക്കുന്നത്. 13,000 പുസ്തകങ്ങളും, റഫറന്‍സ് രേഖകളും അടങ്ങുന്ന ഗ്രന്ഥാലയമാണത്. അറബിയിലും ഇംഗ്ലീഷിലും ഉള്ളവ. അവസാന കാലത്ത് ആ ഗ്രന്ഥ ശേഖരം ബഹ്‌റൈന്‍ നാഷനല്‍ ലൈബ്രറിക്ക് അദ്ദേഹം കൈമാറുകയുണ്ടായി.

ശ്രദ്ധേയനായ എഴുത്തുകാരനുമായിരുന്നു ശൈഖ് അബ്ദുല്ല. ഞാന്‍ എഴുതിയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എനിക്കും ഉപഹാരമായി തന്നിട്ടുണ്ട്. 1970ലാണ് “ബഹ്‌റൈന്‍ ചരിത്രത്തിലൂടെ” എന്ന ഗ്രന്ഥം അദ്ദേഹം എഴുതിയത്. ബഹ്‌റൈനിന്റെ പൗരാണിക ചരിത്രം വ്യത്യസ്ത കോണുകളിലൂടെ അടയപ്പെടുത്തുന്നതാണ് ഈ പുസ്തകം. തുടര്‍ന്ന് ഈ ഗ്രന്ഥത്തിന്റെ രണ്ടാം വാള്യവും പ്രസിദ്ധീകരിച്ചു. 1996 ല്‍ ശൈഖ് അബ്ദുല്ല രചിച്ച “റുഅയല്‍ ഇസ്‌ലാമിയ്യ മിന്‍ വഹ്‌യില്‍ ഖുര്‍ആന്‍” ഇസ്‌ലാമിക ചിന്തകള്‍ അവതരിപ്പിക്കുന്നു. 2005-ല്‍ മൂന്ന് പ്രധാനപ്പെട്ട പുസ്തകങ്ങളും അദ്ദേഹം പുറത്തിറക്കി; ബഹ്‌റൈന്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സ്ഥിതിവിവരങ്ങള്‍, ബഹ്‌റൈന്‍ ഖലീഫമാരുടെ ചരിത്രം, രാജാക്കന്മാരും ചരിത്രവും. ഇത് മൂന്നും ബഹ്‌റൈന്റെ ആധുനിക ചരിത്രത്തെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നു.

ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പലപ്പോഴും ശൈഖ് ഇടപെട്ടിട്ടുണ്ട്. മലയാളികളോട് വലിയ സ്‌നേഹവും താത്പര്യവുമായിരുന്നു അദ്ദേഹത്തിന്. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്തിന്റെ 30-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹമായിരുന്നു വന്നത്. അന്ന് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി. മലയാളികളോടുള്ള ഹൃദയത്തിലെ ഇഷ്ടം പങ്കുവെച്ചു. സുന്നത്ത് ജമാഅത്തിനോടുള്ള പ്രതിബദ്ധത മതപരമായ നിലപാടുകള്‍ പറയുന്നതിലും അനുഷ്ഠിക്കുന്നതിലും തുറന്നു കാണാമായിരുന്നു. ഫിഖ്ഹ് ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളില്‍ ഒന്ന്. റമസാനിലെ അവസാന പത്തില്‍ വിടപറയാന്‍ ഭാഗ്യം ലഭിച്ചു ശൈഖ് ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫക്ക്. അല്ലാഹു അവരോടൊപ്പം സ്വര്‍ഗത്തില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.

Latest