Connect with us

Editorial

കീഴടങ്ങലില്‍ നഷ്ടപ്പെടുന്നത്

Published

|

Last Updated

കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന ഗ്രൂപ്പ് മാനേജര്‍മാരുടെ താത്പര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമപ്പുറം ചലിക്കില്ലെന്ന ബോധ്യമാണ് ഒരിക്കല്‍ക്കൂടി രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭ്യമാക്കിയതിലൂടെ വ്യക്തമാകുന്നത്. അണിയറയില്‍ പരുവപ്പെടുത്തിയ രാഷ്ട്രീയ കുതന്ത്രത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാതെ ഹൈക്കമാന്‍ഡിന്റെ അംഗീകാരം നേടിയത് ഗ്രൂപ്പ് രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ ഇനിയും മേല്‍വിലാസം നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് എത്തിക്കുന്നത്. രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് വെച്ചുനീട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പൊട്ടിത്തെറി സ്വാഭാവിക പരിണതിയായാണ് ഹൈക്കമാന്‍ഡ് പോലും കാണുന്നത്.

ഒരിക്കല്‍ ഇത്തരമൊരു രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി ഹീറോയായ ഉമ്മന്‍ചാണ്ടി മാണിഗ്രൂപ്പിന് വേണ്ടി കുതന്ത്രം മെനയുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വില്ലന്റെ പരിവേഷത്തിലാണ്്. അന്ന് ശത്രുക്കളായിരുന്ന മുസ്‌ലിം ലീഗിനെയാണ് ഇന്ന് തന്ത്രം മെനയാന്‍ ഉമ്മന്‍ചാണ്ടി ഉപകരണമാക്കിയത്. സമാനമായ സംഭവത്തിന് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത് 1994 ല്‍ കരുണാകരന്റെ കാലത്തായിരുന്നു. ഘടകകക്ഷിയായ ലീഗിന് സീറ്റ് നല്‍കിയതിന് എതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തി രംഗത്തു വന്ന ഉമ്മന്‍ചാണ്ടി അന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ചാണ് പ്രതിഷേധിച്ചത്. അനായാസം കിട്ടുമായിരുന്ന രണ്ട് സീറ്റുകള്‍ എ, ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടര്‍ന്ന് കരുണാകരന്‍ ലീഗിന് വെച്ചുനീട്ടുകയായിരുന്നു. ലീഗിന്റെ അബ്ദുസ്സമദ് സമദാനി രാജ്യസഭയിലെത്തി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട എ ഗ്രൂപ്പിന്റെ ഡോ. എം എ കുട്ടപ്പനായിരുന്നു പിന്മാറേണ്ടി വന്നത്. രാജ്യസഭാ സീറ്റ് ലീഗിന് വിട്ടുകൊടുത്ത കരുണാകരന്‍ പത്രിക നല്‍കിയ ശേഷമായിരുന്നു എം എ കുട്ടപ്പനെ കൊണ്ടുപിന്‍വലിപ്പിച്ചത്.

ഇപ്പോള്‍, സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനം ഞെട്ടിച്ചത് സീറ്റിനായി പരിഗണിക്കപ്പെട്ടിരുന്ന പി ജെ കുര്യനെയാണ്. തനിക്കെതിരെ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ ചരടുവലിയില്‍ ആണ് സീറ്റ് കേരളാകോണ്‍ഗ്രസിന് പോയതെന്ന് കുര്യന്‍ ആരോപിച്ചു. യു ഡി എഫിന്റെ പൊതുതാത്പര്യം കണക്കിലെടുത്തുള്ള തീരുമാനം എന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയൂം ന്യയീകരിക്കുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തിരിച്ചുള്ള ആരോപണം.

മുന്നണിയില്‍ മടങ്ങിയെത്താന്‍ പോലും കാത്തുനില്‍ക്കാതെ, രാജ്യസഭാ സീറ്റ് മാണിക്ക് അടിയറ വെച്ചതിന് തിടുക്കമെന്തായിരുന്നുവെന്ന ചോദ്യമാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുനേരെ ഉയരുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ മാണി കോണ്‍ഗ്രസിനെ യു ഡി എഫ് പാളയിലെത്തിച്ച നയതന്ത്ര വിപ്ലവത്തിന് കൈയടി ലഭിച്ച മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വെറും ഉപകരണമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ വ്രണിത ഹൃദയര്‍ തുറന്നടിക്കുന്നു. ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും തിരക്കഥയെഴുതിയ രാഷ്ട്രീയ നാടകത്തിന് സാക്ഷാത്കാരം നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ രണ്ടാംകിടക്കാരും യുവതുര്‍ക്കികളും മണത്തറിയാന്‍ വൈകിയെന്നു മാത്രം.

പുത്രവാത്സല്യം തന്നെയാണ് മാണിയെ കൂടുമാറ്റത്തിന്റെയും മുന്നണി മാറ്റത്തിന്റെയും വഴിയേ ചിന്തിപ്പിച്ചത്. രാഷ്ട്രീയ ലാഭം നോക്കി കളം മാറാനുള്ള ശ്രമത്തില്‍ സി പി ഐ വില്ലനായപ്പോള്‍ പുത്രന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കുകയെന്ന ഏക അജന്‍ഡയാണ് മാണിയുടെ മനസ്സിലുണ്ടായിരുന്നത്. കോട്ടയത്ത് കാലുവാരുമെന്ന ഭീതിയില്‍ വയനാട്ടിലേക്ക് കണ്ണ് നീട്ടിയെങ്കിലും കോണ്‍ഗ്രസിന് എളുപ്പം വഴങ്ങാനാവുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് രാജ്യസഭയിലേക്ക് പാലം നീട്ടി ലഭിച്ചത്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെ അടിത്തറയിളകിയ കോണ്‍ഗ്രസിന് ഘടക കക്ഷികളുടെ വര്‍ധിത പിന്തുണ ആവശ്യമായിരുന്നു. കര്‍ണാടകയിലും യു പിയിലും മേധാവിത്വം നഷ്ടപ്പെട്ടാലും സഖ്യരാഷ്ട്രീയം പയറ്റാനുള്ള അടവുനയത്തിലാണ് കോണ്‍ഗ്രസ്. മാണിയെ പൂമാലയിട്ടു കൊണ്ടുവരുന്നതും ഈ സാഹചര്യത്തിലാണ്.

രാഷ്ട്രീയ അനുഭവ സമ്പത്തുള്ള നേതാക്കളെമ്പാടുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഗ്രൂപ്പിസത്തിനും കാലുവാരലിനും കുതികാല്‍ വെട്ടിനും മറ്റു പാര്‍ട്ടികളെക്കാള്‍ മുമ്പില്‍ കോണ്‍ഗ്രസുകാരാണ്. പാര്‍ലിമെന്ററി വ്യാമോഹത്തില്‍ തളക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കന്മാര്‍ പലപ്പോഴും ഇരുന്നിടത്ത് മരണം വരെ ഇരിക്കാന്‍ ആഗ്രഹിക്കുന്നതും ഇതിന് നേതാക്കള്‍ക്ക് പാതസേവ ചെയ്യുന്നതും സംഘടനയില്‍ പതിവ് ചര്യയാണ്. ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറിയാല്‍ പിന്നെ സാമ്രാജ്യം സ്വന്തമാവുമെന്ന തിരിച്ചറിവില്‍ പാരപണിയുകയാണ് പാര്‍ട്ടിയിലെ സ്ഥാനമോഹികള്‍.

മൃദുഹിന്ദുത്വമൊക്കെ ആരോപിക്കപ്പെടുമെങ്കിലും മതേതരത്വത്തിന്റെ വെളിച്ചം അല്‍പ്പമെങ്കിലും കെടാതെ സൂക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഗണത്തില്‍ കോണ്‍ഗ്രസിന് ഇനിയും സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. രാജ്യത്ത് പ്രാദേശിക രാഷ്ട്രീയം കൊടികുത്തി വാഴുമ്പോഴും ദേശീയ തലത്തില്‍ ബി ജെ പിയുയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഇനിയും പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയാണ്. കേരളത്തില്‍ സി പി എം പോലും കോണ്‍ഗ്രസ് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് തഴച്ചുവളരുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിലഷണീയമല്ല. പുതുതലമുറക്കാര്‍ കടന്നുവന്നാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുകയുള്ളൂ. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയും പങ്കാളിത്തവും നല്‍കിയാല്‍ മാത്രമേ യുവാക്കള്‍ക്ക് കടന്നുവരാനുള്ള സാഹചര്യമൊരുങ്ങുകയുള്ളൂ. ഇതോടൊപ്പം ഗ്രൂപ്പിന്റെ തടവറയില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കുകയും വേണം. ഈ രീതിയിലുള്ള പൊളിച്ചെഴുത്തിനാണ് എ ഐ സി സി നേതൃത്വത്തില്‍ ശ്രമം നടക്കേണ്ടത്.

Latest