Connect with us

Kerala

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം: ജോസ് കെ മാണി കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. പലതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയാണ് തീരുമാനം പ്രഖ്യാപിച്ചത്. കെ എം മാണിയുടെ പേരിനാണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍തൂക്കം ലഭിച്ചതെങ്കിലും മത്സരിക്കാനില്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് മാണിയുടെ മകനും നിലവില്‍ കോട്ടയത്ത് നിന്നുള്ള ലോക്‌സഭാംഗവുമായ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്.

ലോക്‌സഭക്ക് ഇനി ഒരു വര്‍ഷം മാത്രമാണ് കാലാവധിയെന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. രാത്രി നടന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായി ചെര്‍പ്പുങ്കലിലെ ഒരു വീട്ടില്‍ കെ എം മാണിയും പി ജെ ജോസഫും ജോസ് കെ മാണിയും രഹസ്യയോഗം ചേര്‍ന്നാണ് അന്തിമതീരുമാനമെടുത്തത്. പിന്നീട് മാണിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ നിര്‍ദേശം അവതരിപ്പിക്കുകയായിരുന്നു.

കെ എം മാണി അല്ലെങ്കില്‍ ജോസ് കെ മാണി മത്സരിക്കുകയെന്നതായിരുന്നു കേരളാ കോണ്‍ഗ്രസിലെ പൊതുനിലപാട്. ജോസഫ് ഗ്രൂപ്പും ഇതിനോട് യോജിച്ചു. എന്നാല്‍, പാലാ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ള മാണി ഇതിനോട് യോജിച്ചില്ല. രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ കാലുവാരുമെന്ന ആശങ്കയാണ് മാണിയെ പിന്തിരിപ്പിച്ചത്. മാത്രമല്ല, മാണി നിയമസഭയില്‍ നിന്ന് പോകുന്നതോടെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പദവി പി ജെ ജോസഫിന് നല്‍കേണ്ടിവരുമെന്ന ചിന്തയും മാണിയെ അലട്ടി. കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിച്ചാല്‍ ഇനി ജയിക്കില്ലെന്ന് ജോസ് കെ മാണിക്ക് ഉറപ്പായിരുന്നു.

Latest