Connect with us

Gulf

യു എ ഇ-സഊദി ഏകോപന സമിതി ജിദ്ദയില്‍

Published

|

Last Updated

ജിദ്ദയിലെത്തിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിക്കുന്നു

അബുദാബി: ചരിത്ര പ്രാധാന്യമേറിയ സൗദി യു എ ഇ ഏകോപന സമിതി യോഗം ജിദ്ദയില്‍ ചേര്‍ന്നു. അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഊദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സഊദി കൗണ്‍സില്‍ ഓഫ് എകണോമിക് ആന്‍ഡ് ഡവലപ്‌മെന്റ് അഫയേഴ്‌സ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് എന്നിവരുടെ നേതൃത്വത്തിലാണ് മേഖല ഉറ്റുനോക്കുന്ന ഏകോപന കൗണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നത്.

ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സംയുക്ത പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിന് സംയുക്ത സഹകരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് യോഗം ചേര്‍ന്നത്. സമ്പദ്‌വ്യവസ്ഥ, മാനവിക വികസനം, രാഷ്ട്രീയം, സുരക്ഷ, സൈനിക ഉദ്ഗ്രഥനം, ജനങ്ങള്‍ക്ക് ക്ഷേമവും സന്തുഷ്ടി എന്നിവ ഉറപ്പുവരുത്തുന്നതിന് രണ്ട് രാജ്യങ്ങളും ആഗോള തലത്തില്‍ സ്വീകരിക്കേണ്ട നടപടികളാണ് കൗണ്‍സില്‍ യോഗം ലക്ഷ്യമാക്കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ ഉഭയകക്ഷി ഉടമ്പടി 2016 മെയ് മാസത്തിലാണ് നിലവില്‍ വന്നത്. ലോകരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് കൗണ്‍സില്‍ ഒരു മാതൃകയാണ്.

കൂടാതെ ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനത്തെ കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജിഡിപി ഉന്നമനത്തിനും ഉഭയകക്ഷി നിക്ഷേപം ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന കൂട്ടായ ശ്രമങ്ങള്‍ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സമന്വയം ഉറപ്പാക്കാന്‍ കൗണ്‍സില്‍ ശ്രമിക്കുന്നതായി ഇരു നേതാക്കളും പറഞ്ഞു. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ശക്ബൂത് ബിന്‍ നഹ്‌യാന്‍ അല്‍ നഹ്യാന്‍, സഊദി അറേബ്യയിലെ യു എ ഇ അംബാസഡര്‍ തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.