ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കുപയോഗിച്ച്: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

Posted on: June 8, 2018 9:32 pm | Last updated: June 9, 2018 at 11:49 am
SHARE

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്കുപയോഗിച്ചാണെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ഈ റിപ്പോര്‍ട്ടുള്ളത്. 7.65 എം എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുവരുടെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സുപ്രധാന വിവരം.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്.