ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇനി ആരും സഹായിക്കേണ്ടെന്നും ജസ്‌നയുടെ സഹോദരി

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തെ വഴി തിരിച്ചുവിടുന്നുവെന്നും ജെസി
Posted on: June 8, 2018 8:09 pm | Last updated: June 8, 2018 at 11:02 pm
SHARE

കോട്ടയം: മുക്കൂട്ടുതറ കൊല്ലന്മുളയില്‍ നിന്ന് കാണാതായ ജസ്‌നയെക്കുറിച്ച് നടക്കുന്ന അപവാദ പ്രചാരണം നടക്കുന്നെന്ന ആരോപണവുമായി സഹോദരി ജെസി. ജസ്‌നയുടെ തിരോധാനത്തിന്റെ ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തെ യാഥൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിച്ച് തളര്‍ത്തരുതെന്നും അപവാദ പ്രചാരണങ്ങളില്‍ നിന്ന് പിന്മാറുണമെന്നും ജെസി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.

പലയിടത്തു നിന്നും ലഭിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പലരും കഥകള്‍ മെനയുകയാണ്. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. പിതാവിനെക്കുറിച്ച് മോശമായി പലരും സംസാരിക്കുന്നു. തനിക്കും ജ്യേഷ്ടനും പിതാവിനെ പൂര്‍ണ വിശ്വാസമാണ്. പത്തു മാസം മുമ്പ് അമ്മ മരിച്ചതിന് ശേഷം വളരെ കരുതലോടെയാണ് പപ്പ തങ്ങളെ ശ്രദ്ധുക്കുന്നതെന്നും ജസ്‌ന തിരിച്ചുവരുമെന്നു തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും ജെസി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ജസ്‌നയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നു. ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തെയും വഴിതിരിച്ചുവിടുന്നുണ്ടെന്നും ജെസി പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ ഇനി ആരും വീട്ടിലേക്ക് വരേണ്ടെന്നും കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവരുതെന്നും ജെസി ആവശ്യപ്പെട്ടു.

അതെസമയം ജസ്‌നെയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തില്‍ വിവരശേഖരണ പെട്ടി സ്ഥാപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്. തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടില്‍ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണിത്.കഴിഞ്ഞ ദിവസം ജെസ്‌നയ്ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളില്‍ പൊലീസ് സംഘമായി തിരച്ചില്‍ നടത്തിയിരുന്നു. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമണ്‍, പൊന്തന്‍പുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളില്‍ 125 പൊലീസുകാര്‍ 10 സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. ആദ്യം ലോക്കല്‍ പോലീസന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ജെസി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ:

LEAVE A REPLY

Please enter your comment!
Please enter your name here