Connect with us

Kerala

ആര്‍എസ്എസ് എന്ന് കേട്ടാല്‍ പിണറായിക്ക് സാത്താന്‍ കുരിശ് കണ്ടത് പോലെ: വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംപി. പിണറായിയുടെ ആര്‍എസ്എസ് ഫോബിയയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും അദ്ദേഹം പറഞ്ഞു. പ്രണാബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത് ചെല്ലുകയും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തതിന് പിണറായി എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുവാകുന്നതെന്ന് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

നേരത്തെ, പ്രണാബിന്റെ നടപടിയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്‍.എസ്.എസ് സ്ഥാപകനായ കെ ബി. ഹെഗ്‌ഡെവാറിനെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് പ്രണാബ് മുഖര്‍ജി പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതനിരപേക്ഷത അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി തന്നെ ചുമതലപ്പെട്ട സ്ഥാനത്തിരുന്ന ഒരു വ്യക്തിയില്‍ നിന്നാണ് കൃത്യമായും വര്‍ഗീയ ഛിദ്രീകരണത്തിന്റെയും മത വിദ്വേഷ പ്രചാരണത്തിന്റെയും പ്രസ്ഥാനത്തെ സ്ഥാപിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രകീര്‍ത്തിക്കലുണ്ടായത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ദേശീയത്ക്കുമേല്‍ പതിഞ്ഞ മായ്ക്കാനാകാത്ത കളങ്കമാണ് അത്. പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനവും നിലപാടും ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തിന്റെ ശോഭയെ കെടുത്തുന്ന രാഷ്ട്രീയപ്രേരിത നീക്കമായേ കാണാനാവൂ. അതിനാല്‍ അതിനെ ശക്തമായി അപലപിക്കുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം……

മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണ്. മര്യാദക്ക് ഭരിക്കാന്‍ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീര്‍ക്കുന്നത് ആര്‍എസ്എസിനോടാണ് . വാട്‌സ് ആപ് ഹര്‍ത്താല്‍ മുതല്‍ നിപ വൈറസ് വരെ ഉള്ള വിഷയങ്ങളില്‍ ആര്‍എസ്എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സിപിഎം ശൈലി. പാലക്കാട് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് മുതല്‍ ക്ഷേത്രങ്ങളിലെ ശാഖ നിരോധിക്കുമെന്ന പ്രഖ്യാപനം വരെ , പിണറായി വിജയന്‍ എന്തിനാണിങ്ങനെ സ്വയം അപഹാസ്യനാവുന്നത് ? പിണറായിയുടെ ആര്‍എസ്എസ് ഫോബിയയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത് ചെല്ലുകയും ത്രിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് സമാരോപില്‍ സംസാരിക്കുകയും ചെയ്തതിന് പിണറായി വിജയന്‍ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുവാകുന്നത് ?

ആര്‍എസ്എസും സിപിഎമ്മും ( സിപിഐ) സമാന കാലത്ത് പ്രവര്‍ത്തനമാരംഭിച്ച സംഘടനകളാണ് . രണ്ടും ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്ന് നോക്കിയാല്‍ സിപിഎമ്മിന്റെ പാപ്പരത്തവും ദാരിദ്ര്യവും മനസ്സിലാവും .

ആശയധാരകളില്‍ വ്യത്യസ്തത ഉണ്ടാകാമെങ്കിലും ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്ന ഘടകമാണ്. ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിനെ മഹാനായ ഭാരത പുത്രന്‍ എന്ന് മുന്‍ രാഷ്ട്രപതി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട വായനയുടെയും അറിവിന്റെയും പശ്ചാത്തലത്തിലാണ്. ദേശാഭിമാനി പത്രാധിപരായിരുന്ന ശ്രീ.വി.ടി.ഇന്ദുചൂഡനടക്കം സംഘ പ്രഭാവത്തില്‍ ആകൃഷ്ടനായത് ഈ കേരളത്തില്‍ നടന്ന ചരിത്രമാണ്. പിണറായിയെപ്പോലെ ഉള്ളവര്‍ അസഹിഷ്ണുത തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ പേര്‍ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുല്‍കുകയേ ഉള്ളൂ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. എന്തായാലും പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞങ്ങളാരും ശാഖയില്‍ പോയത് എന്ന് മാത്രം പറയുന്നു.