വലിയ തീരുമാനങ്ങള്‍ ഇനിയുണ്ടാകും; കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ല: ചെന്നിത്തല

Posted on: June 8, 2018 3:25 pm | Last updated: June 8, 2018 at 3:25 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നതിനിടെ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ലെന്നും ഒരു തവണത്തേക്ക് മാത്രമുള്ള നടപടിയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേതൃത്വം കൂടിയെടുത്ത തീരുമാനമാണിത്. മുമ്പും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ല. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. വെറും അഞ്ച് മിനുട്ടുകൊണ്ട് എടുത്ത തീരുമാനമാണിത്. ഇനിയും കോണ്‍ഗ്രസില്‍ വലിയ തീരുമാനങ്ങള്‍ ഉണ്ടാകും. ചില കാലഘട്ടങ്ങളില്‍ മുന്നണി താത്പര്യങ്ങള്‍ അനുസരിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നേതൃത്വത്തിന്റെ ഈ തീരുമാനം പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യും. നേതൃത്വത്തിന്റെ തീരുമാനം സംബന്ധിച്ച് കൃത്യമായി അറിയില്ലാത്തവരാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. മാണിയുടെ മുന്നണി പ്രവേശനത്തോടെ 2021ല്‍ യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കും. ഇതോടെ രണ്ട് രാജ്യസഭ സീറ്റ് ലഭിക്കുമെന്നും ഇതില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.