വിട്ടുവീഴ്ച ആദ്യമല്ല; കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഒരു തവണത്തേക്ക്: ഉമ്മന്‍ ചാണ്ടി

Posted on: June 8, 2018 2:55 pm | Last updated: June 8, 2018 at 11:01 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആദ്യമായല്ല ഇത്തരത്തില്‍ ഒരു വിട്ടുവീഴ്ച യുഡിഎഫില്‍ നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്കില്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെട്ടു എന്നത് ശരിയാണ്. എന്നാല്‍ മുന്നണികളുടെ ഐക്യത്തിനും പിന്തുണക്കും അത് ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിന് മുമ്പും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മും മുസ്‌ലിം ലീഗും സമാനമായ വിട്ടുവീഴ്ചകള്‍ മുന്‍കാലത്ത് ചെയ്തിട്ടുണ്ട്. മുന്നണി സംവിധാനമാകുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ സ്വാഭാവികമാണ്. സീറ്റ് വിട്ടുകൊടുത്തത് ഒറ്റത്തവണത്തേക്ക് എന്ന വ്യവസ്ഥയോടെയാണ്. ഇനിയൊരവസരത്തില്‍ രണ്ടു സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ രണ്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നു. വിമര്‍ശിക്കുന്നവര്‍ എല്ലാം അഭിപ്രായപ്പെടുന്നത് കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് എന്ന നിലയിലാണ്. എന്നാല്‍, ചില പ്രത്യേക സാഹചര്യം പരിഗണിച്ച് സീറ്റ് ഒരുവട്ടം കൂടി കേരള കോണ്‍ഗ്രസിന് നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.പി.ജെ.കുര്യന്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാക്കാതെയാണ്. ആദ്യമായി അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ മുതല്‍ താന്‍ നല്ല പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം രണ്ടാം തവണ രാജ്യസഭയിലേക്ക് പോയപ്പോള്‍ മാത്രമാണ് താന്‍ മറിച്ചൊരു അഭിപ്രായം പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് വീട്ടുകൊടുത്ത തീരുമാനം ഹൈക്കമാന്‍ഡ് എടുത്തതല്ല. കെപിസിസി നേതൃത്വം എടുത്ത തീരുമാനത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തത്. പി.ജെ.കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. കാര്യങ്ങള്‍ അദ്ദേഹത്തിന് മനസിലാകാത്തത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംശയനിവാരണത്തിനായി അദ്ദേഹത്തിന് കോണ്‍ഗ്രസ് പ്രസിഡന്റിനെ സമീപിക്കാം.വി.എം.സുധീരന്റേത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും തനിക്കതിനോട് യോജിപ്പില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.