മാണി വിഭാഗം വീണ്ടും യുഡിഎഫില്‍; രാജ്യസഭാ സ്ഥാനാര്‍ഥിയില്‍ തീരുമാനമായില്ല

Posted on: June 8, 2018 12:19 pm | Last updated: June 8, 2018 at 11:01 pm
SHARE

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തെ മതനിരപേക്ഷതയും കര്‍ഷകരേയും സംരക്ഷിക്കാന്‍ വേണ്ടിയാണ് യുഡിഎഫിലേക്ക് തിരിച്ചുവന്നതെന്ന് മാണി പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും. ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെ.മാണിയും പോകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും സ്ഥാനാര്‍ഥി ആരെന്നതിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മാണി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെയാണ് മാണി യുഡിഎഫിലേക്കുള്ള യാത്ര സുഗമമാക്കിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് മാണി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നയിച്ചത്.