2021ല്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി: ജയശങ്കര്‍

Posted on: June 8, 2018 10:52 am | Last updated: June 8, 2018 at 10:52 am
SHARE

തിരുവനന്തപുരം: 2021ല്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രിയെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകുമായ അഡ്വ. ജയശങ്കര്‍. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ കോണ്‍ഗ്രസ് നടപടിയെ അദ്ദേഹം രൂക്ഷമായ പരിഹസിച്ചു. പാണ്ടനും മണിയനും അപ്പം പങ്കിടാന്‍ കുരങ്ങനെ ഏല്‍പ്പിച്ച് കഥപോലെയായി കോണ്‍ഗ്രസിലെ അവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍ക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റ് പ്രശ്‌നം പരിഹരിക്കുന്ന ചുമതല ഏറ്റെടുത്ത പികെ കുഞ്ഞാലിക്കുട്ടി സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണക്ക് എളിയ പ്രതിഫലമായിരുന്നു ഇത്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

പാണ്ടനും മണിയനും അപ്പം പങ്കിടാന്‍ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളില്‍ ചിലരെങ്കിലും കേട്ടുകാണും. കുരങ്ങച്ചന്‍ രണ്ടായി മുറിച്ചപ്പോള്‍ ഒരു കഷ്ണം അല്പം വലുതും മറ്റേത് കുറച്ചു ചെറുതും ആയിപ്പോയി. അതു പരിഹരിക്കാന്‍ കുരങ്ങന്‍ വലിയ കഷണത്തില്‍ ഒരു കടി പാസാക്കി. അപ്പോള്‍ വലിയ കഷണം ചെറുതും ചെറിയ കഷണം വലുതുമായി. ഉടനെ മറ്റേ കഷണത്തില്‍ കടിച്ചു. അപ്പോള്‍ വീണ്ടും പഴയപടിയായി. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങന്റെ വയറ്റിലെത്തി. പൂച്ചകള്‍ രണ്ടും ബ്ലീച്ചായി.

ഏതാണ്ട് ഇതുതന്നെയാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും സംഭവിച്ചത്.

മുതുക്കന്മാര്‍ക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാര്‍, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിര്‍ന്നവര്‍. മലബാര്‍ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങള്‍.

ആര്‍ക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്‌നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം.

ഇപ്പോള്‍ യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിര്‍വൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം.

2021ല്‍ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here