രാജ്യസഭാ സീറ്റ്: യുഡിഎഫിലും പൊട്ടിത്തെറി; രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്ന് ഷാനിമോള്‍

Posted on: June 8, 2018 10:21 am | Last updated: June 8, 2018 at 1:04 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

മാണിക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ നടപടിയില്‍ യുഡിഎഫിലും അമര്‍ഷം പുകയുകയാണ്. തങ്ങളോടൊന്നും ആലോചിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നാണ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. സീറ്റ് വിട്ട് നല്‍കിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമെന്ന് ആര്‍.എസ്.പി നേതാവ് എ.എ. അസീസ് പ്രതികരിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി, കേരള കോണ്‍ഗ്രസിന്റെ മടങ്ങി വരവ് തീരുമാനിക്കാന്‍ രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ സെക്രട്ടറി ജോണി നെല്ലൂര്‍ പങ്കെടുത്തേക്കില്ല എന്നാണ് സൂചന. തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കേരള കോണ്‍ഗ്രസിന് (എം) രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിലെ യുവനേതാക്കളും പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here