Connect with us

Kerala

മുറിവേറ്റ് കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ പൊട്ടിത്തെറി

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ പേരില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. മുതിര്‍ന്ന നേതാക്കളടക്കം തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. പാര്‍ട്ടിയിലെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെ മൂന്ന് നേതാക്കള്‍ ഏകപക്ഷീയമായെടുത്ത തീരുമാനം അംഗീകരിക്കില്ലെന്നാണ് നിലപാട്. രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയെങ്കിലും പാര്‍ട്ടി എം എല്‍ എമാര്‍ വോട്ട് ചെയ്യേണ്ട തിരഞ്ഞെടുപ്പായതിനാല്‍ പ്രതിഷേധിക്കുന്നവര്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് നേതാക്കള്‍ക്കും ആശങ്കയുണ്ട്. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രി പദം നല്‍കിയപ്പോഴുണ്ടായിരുന്ന അതേവികാരമാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതിന് പിന്നിലും ലീഗിന്റെ സമ്മര്‍ദമായതിനാല്‍ അവര്‍ക്കെതിരെയും അമര്‍ഷം പുകയുകയാണ്.

യു ഡി എഫിന്റെ ഭാഗമല്ലാത്ത ഒരു കക്ഷിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലെ രോഷം കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളിലുമുണ്ട്. ഇപ്പോഴത്തെ പൊട്ടിത്തെറി വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ കലാപത്തിലേക്ക് വഴിമാറും. ഇത്തരം സൂചനകള്‍ നല്‍കി രാജ്യസഭാ സീറ്റ് തീരുമാനം വന്നതിനു പിന്നാലെ കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത് രാജിവെച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എം എല്‍ എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന് കത്ത് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ യുവനേതൃത്വം മുറിവേറ്റ നിലയിലാണ്. രാജ്യസഭാ സീറ്റിന് വേണ്ടി കോണ്‍ഗ്രസിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചവരായിരുന്നു യുവ നേതാക്കള്‍. രാജ്യസഭാ സീറ്റ് യുവനേതാക്കള്‍ക്കു നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് ഏവരെയും ഞെട്ടിച്ച പ്രഖ്യാപനം. ഇതോടെ, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് യുവനേതാക്കള്‍.

രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രംഗത്തുവന്നു. പി ജെ കുര്യന്‍, വി എം സുധീരന്‍, കെ സി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരടക്കം പരസ്യപ്രതികരണവുമായി രംഗത്തെത്തി. പി ജെ കുര്യന്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തും നല്‍കിയിരുന്നു. സീറ്റ് മറ്റു കക്ഷികള്‍ക്കു നല്‍കരുതെന്നും തനിക്കു മത്സരിക്കണമെന്നില്ലെന്നുമായിരുന്നു കത്തിലെ പരാമര്‍ശം.

മാണിക്ക് സീറ്റ് നല്‍കുമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായാണ് സുധീരന്‍ പ്രതികരിച്ചത്. അപ്രതീക്ഷിതവും അവിശ്വസനീയവുമായ തീരുമാനമെന്നായിരുന്നു സുധീരന്റെ ആദ്യ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തിനു ഗുരുതര വീഴ്ച സംഭവിച്ചു. ആത്മഹത്യാപരമായ തീരുമാനമാണിത്. മാണിക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നുവെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Latest