കത്വ: ഏഴ് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

Posted on: June 8, 2018 6:08 am | Last updated: June 7, 2018 at 11:28 pm
SHARE

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ബലാത്സംത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപിതരായ എട്ട് പേരില്‍ ഏഴ് പേര്‍ക്കെതിരെ പഠാന്‍കോട്ട് ജില്ല- സെഷന്‍സ് കോടതി കുറ്റം ചുമത്തി. മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, പ്രത്യേക പോലീസ് ഉദ്യോഗസ്ഥന്മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേശ് കുമാര്‍, സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, അന്വേഷണ ഉദ്യോഗസ്ഥരായ ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്, എസ് ഐ ആനന്ദ് ദത്ത എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുത്തിയത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ എട്ടാമത്തെ പ്രതി സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനാണ്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹരജി പരിഗണിച്ച് സുപ്രീം കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റിയത്. ഏഴ് പ്രതികളെയും കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 31ന് വിചാരണ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച പ്രതിഭാഗം അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കി.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം മുഴുവന്‍ കോടതി നടപടികളും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. കേസ് അന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച് 15 പേജുകള്‍ വരുന്ന കുറ്റപത്രമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. ന്യൂനപക്ഷ നാടോടി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ജനുവരി പത്തിന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കത്വ ജില്ലയിലെ ചെറിയ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ബന്ദിയാക്കിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. നാല് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്ന ശേഷമാണ് പെണ്‍കുട്ടി മരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.