കര്‍ണാടക കോണ്‍ഗ്രസില്‍ വിമതനീക്കം

  • മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ പ്രതിഷേധത്തില്‍
  • മുതലെടുപ്പിന് ബി ജെ പി ശ്രമം
Posted on: June 8, 2018 6:19 am | Last updated: June 7, 2018 at 11:26 pm
SHARE

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ ഇടം ലഭിക്കാത്ത കോണ്‍ഗ്രസ് എം എല്‍ എമാരും മുതിര്‍ന്ന നേതാക്കളും വിമത നീക്കം ശക്തമാക്കി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച് എം രേവണ്ണ രാജിവെച്ച് ബി ജെ പിയില്‍ ചേരാനുള്ള നീക്കത്തിലാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനാണ് രേവണ്ണ.

ബെലഗാവി യമകണ്‍മാറാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ സതീഷ് ജാര്‍ക്കിഹോളി കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ചേക്കുമെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ അനുയായികള്‍ ഇന്നലെ ബെലഗാവിയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സതീഷിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷാമന്നൂര്‍ ശിവശങ്കരപ്പയെ ഒഴിവാക്കിയതില്‍ ദാവനഗെരെയിലും അണികളുടെ പ്രതിഷേധം തുടരുന്നു. അഖില ഭാരത വീരശൈവ മഹാസഭയുടെ പ്രസിഡന്റ് കൂടിയാണ് ഷാമന്നൂര്‍ ശിവശങ്കരപ്പ. ബെംഗളൂരു- മൈസൂരു ഹൈവേയില്‍ നരസിംഹരാജയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ തന്‍വീര്‍ സേട്ടിന്റെ അനുയായികള്‍ വഴിതടഞ്ഞു.

മുന്‍ മുഖ്യമന്ത്രി ധരംസിംഗിന്റ മകന്‍ അജയ് സിംഗിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയായികള്‍ കലബുര്‍ഗിയില്‍ പ്രതിഷേധിച്ചു. ലിംഗായത്തിന് പ്രത്യേക മത പദവി നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഈ വിഭാഗത്തിനുവേണ്ടി ശക്തമായി വാദിച്ച എം ബി പാട്ടീലിനും മന്ത്രി പദവി ലഭിച്ചില്ല. ഇന്നലെ പാട്ടീലിന്റെ വീട്ടില്‍ അനുയായികള്‍ യോഗം ചേര്‍ന്നു. പാട്ടീലിനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് വടക്കന്‍ കര്‍ണാടകയിലെ തിക്കോട്ട പഞ്ചായത്തിലെ 26 അംഗങ്ങള്‍ രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ കോലാറിലെ മുളബാഗിലുവില്‍ വിജയിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷും അതൃപ്തി അറിയിച്ചു. ദള്‍- കോണ്‍ഗ്രസ് സഖ്യത്തിലെ ഏക സ്വതന്ത്രന്‍ കൂടിയാണ് നാഗേഷ്. ബെംഗളൂരു, മൈസൂരു, വിജയപുര, ബെലഗാവി, ദാവണഗരെ തുടങ്ങിയ ജില്ലകളില്‍ പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന പലര്‍ക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ല. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളായ പലരും മന്ത്രിസഭയില്‍ നിന്ന് പുറത്തായി. മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത് സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടത്. ഒഴിവ് വരുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം കോണ്‍ഗ്രസിനാണ്. ഈ നിയമനത്തിലൂടെയും നേതാക്കളെ അനുനയിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന വിമത നീക്കം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി ഘടകം. കോണ്‍ഗ്രസ്- ജെ ഡി എസ് കക്ഷികളില്‍ നിന്നായി 14 പേരുടെ പിന്തുണ നേടാനായാല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here