ഗ്രിസ്മാനും മെസിയും ഒന്നിക്കുന്നു?

Posted on: June 8, 2018 6:10 am | Last updated: June 7, 2018 at 11:15 pm

മാഡ്രിഡ്: ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രിസ്മാന്‍ ഗ്രേറ്റ് പ്ലെയര്‍ ആണെന്ന് ലയണല്‍ മെസി. സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രമായ മുന്‍ഡോ ഡിപ്പോര്‍ട്ടീവോയിലാണ് മെസിയുടെ അഭിപ്രായം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് അന്റോയിന്‍ ഗ്രിസ്മാന്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

മികച്ച കളിക്കാര്‍ക്ക് അവരുടെ കരിയര്‍ മികച്ചതാക്കുവാന്‍ ആഗ്രഹമുണ്ടാകും. ബാഴ്‌സലോണ അത്തരക്കാര്‍ക്ക് എന്നും അവസരമൊരുക്കിയിട്ടുണ്ടെന്നും മെസി പറഞ്ഞു.

റയല്‍ മാഡ്രിഡ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ബാഴ്‌സ ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്ക് പിറകെയാണ്. അതേ സമയം, നെയ്മര്‍ പി എസ് ജിയില്‍ നിന്ന് റയലിലേക്ക് പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് മെസി ആവര്‍ത്തിച്ചു.

ബാഴ്‌സലോണയില്‍ മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നു. ഇവിടെ നിന്നാണ് മെസിയില്‍ നിഴലില്‍ നിന്ന് രക്ഷപ്പെടാന്‍ നെയ്മര്‍ പി എസ് ജിയിലേക്ക് കൂടുമാറിയത്. എന്നാല്‍, കരിയറില്‍ അത് ഗുണം ചെയ്യില്ലെന്ന് കണ്ടതോടെ നെയ്മര്‍ യൂറോപ്പിലെ മികച്ച ക്ലബ്ബ് ലക്ഷ്യമിടുകയാണ്. റയലും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് നെയ്മര്‍ക്ക് പിറകെയുള്ളത്.