Connect with us

Sports

ലോകകപ്പിലെ ഗോള്‍ ചരിതം

Published

|

Last Updated

1958 ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ ജസ്റ്റ് ഫോണ്ടെയ്ന്‍
ഗോളുകള്‍ക്കായി നാം കാത്തിരിക്കുകയാണ്. അത് കുറിയ പാസുകളിലൂടെ നെയ്‌തെടുക്കുന്നതാകാം, ലോംഗ് റേഞ്ചറാകാം, കരിയില കിക്കിലൂടെയാകാം, ബൈസിക്കിള്‍ കിക്കിലൂടെയാകാം…ഗോളുകള്‍ അത് കണ്ണഞ്ചിപ്പിക്കുന്നതാകണന്നെ് മാത്രം.

കഴിഞ്ഞ ഇരുപത് ലോകകപ്പുകളിലായി ഏകദേശം രണ്ടായിരത്തി മുന്നൂറിലേറെ ഗോളുകള്‍ പിറന്നിരിക്കുന്നു. ആയിരത്തി ഇരുനൂറിലേറെ പേര്‍ ഗോള്‍പ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ ഗോളിന്റെ അവകാശി ഫ്രാന്‍സിന്റെ ലൂസിയന്‍ ലോറന്റ് ആണ്. 1930 ലോകകപ്പിലായിരുന്നു ലൂസിയന്‍ ഇനി ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡിട്ടത് – ആദ്യ ഗോള്‍ !

എന്നാല്‍, പ്രഥമ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ അര്‍ജന്റീനക്കാരന്‍ ഗ്യുല്ലെര്‍മോ സ്റ്റബൈലായിരുന്നു ടോപ് സ്‌കോറര്‍ – ആദ്യ ടോപ് സ്‌കോറര്‍ !

1954 ലോകകപ്പില്‍ ഹംഗറിയുടെ സാന്‍ഡര്‍ കോസിസ് ആണ് ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ പത്തിലേറെ ഗോളുകള്‍ നേടിയത്. പതിനൊന്ന് ഗോളുകളായിരുന്നു ഹംഗേറിയന്‍ താരം ആ ലോകകപ്പില്‍ അടിച്ച് കൂട്ടിയത്. 1958 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ 13 ഗോളുകളാക്കി റെക്കോര്‍ഡ് മാറ്റിയെഴുതി. വെറും ആറ് മത്സരങ്ങളില്‍ നിന്നായിരുന്നു ഫ്രഞ്ച് പ്ലെയറുടെ ഗോളടി എന്നോര്‍ക്കണം. പിന്നീടാര്‍ക്കും അത്തരമൊരു ഗോള്‍ അര്‍മാദം സാധ്യമായില്ല.

1970 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയുടെ ജെര്‍ഡ് മ്യൂളര്‍ പത്ത് ഗോളുകള്‍ നേടിയതാണ് തൊട്ടരികിലെത്തിയ ഒരു പ്രകടനം. 1974 ലോകകപ്പ് ഫൈനലില്‍ നേടിയ ഗോള്‍ ഉള്‍പ്പടെ ജെര്‍ഡ് മ്യൂളര്‍ തന്റെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം പതിനാലാക്കി.

ഈ റെക്കോര്‍ഡ് തകര്‍ത്തത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയാണ്. 1998-2006 വരെയുള്ള മൂന്ന് ലോകകപ്പുകളില്‍ നിന്നായി റൊണാള്‍ഡോ പതിനഞ്ച് ഗോളുകള്‍ നേടി. അധികം ആയുസുണ്ടായില്ല ഈ റെക്കോര്‍ഡിന്. ജര്‍മനിയുടെ ഗോള്‍ മെഷീന്‍ മിറോസ്ലാവ് ക്ലോസെ 2002-2014 വരെയുള്ള കാലഘട്ടത്തില്‍ തുടരെ നാല് ലോകകപ്പില്‍ നിന്നായി പതിനാറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

ഇവരെ കൂടാതെ പത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ട് കളിക്കാര്‍ മാത്രമേയുള്ളൂ. ഒന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ്. പന്ത്രണ്ട് ഗോളുകളാണ് 1958-1970 കാലഘട്ടത്തില്‍ പെലെ നേടിയത്. രണ്ടാമത്തെ ആള്‍ ജര്‍മനിയുടെ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍. 1990-98 കാലയളവിലാണ് പതിനൊന്ന് ഗോളുകള്‍ ക്ലിന്‍സ്മാന്‍ നേടിയത്.