Connect with us

Sports

വലകുലുക്കി ബെല്‍ജിയം

Published

|

Last Updated

ഗോള്‍ നേടിയ ലുകാകുവിനെ സഹതാരം ഡി ബ്രൂയിന്‍ അഭിനന്ദിക്കുന്നു

ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബെല്‍ജിയം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈജിപ്തിനെ തകര്‍ത്തു. റൊമേലു ലുകാകു (27), എദെന്‍ ഹസാദ് (38), ഫെലെയ്‌നി (90+2) എന്നിവരാണ് ഗോള്‍ നേടിയത്.

ചെല്‍സി മിഡ്ഫീല്‍ഡര്‍ എദെന്‍ ഹസാദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ടീമിന് ഗംഭീര ജയം സാധ്യമാക്കിയത്.
ആദ്യ പകുതിയിലായിരുന്നു ഹസാദിന്റെ മിന്നലാട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളാണ് ഗോളുകള്‍ നേടിയത് എന്നതും ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളാണ് ലുകാകുവും ഫെലെയ്‌നിയും. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന്റെ അവസാന എതിരാളി ഇംഗ്ലണ്ടാണ്. ഈ മാസം 28നാണ് ബെല്‍ജിയം-ഇംഗ്ലണ്ട് പോരാട്ടം. ഇത് അടിമുടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടമായി മാറും.

ഇരുപത്തേഴാം മിനുട്ടില്‍ ലുകാകു നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് ഹസാര്‍ഡായിരുന്നു. അതിവേഗത്തിലുള്ള മുന്നേറ്റത്തിനൊടുവില്‍ ഹസാദ് തുറന്നിട്ട ഗോള്‍മുഖം ഈജിപത് ഗോളി എസാം അല്‍ ഹദാരിക്ക് താഴിട്ട് പൂട്ടാനായില്ല. ലുകാകുവിന്റെ ക്ലോസ് റേഞ്ച് ഷോട്ടില്‍ ഗോള്‍.
ഡ്രൈസ് മെര്‍ട്ടെന്‍സും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും മികച്ച പാസുകളുമായി ഈജിപ്ത് പ്രതിരോധ നിരക്ക് പ്രശ്‌നം സൃഷ്ടിച്ചു. ഇതിനിടെ, ഹസാദിന്റെ ഗോള്‍ പിറന്നു.

യാനിക് കരാസ്‌കോയുടെ ക്രോസ് ബോളാണ് ഫസ്റ്റ് ടൈം ഫിനിഷിംഗില്‍ ചെല്‍സി താരം വലയിലെത്തിച്ചത്.

രണ്ടാം പകുതിയിലും ബെല്‍ജിയം ആധിപത്യം തുടര്‍ന്നു. പക്ഷേ, ഫിനിഷിംഗില്‍ പരാജയപ്പെട്ടു. സ്റ്റോപ്പേജ് ടൈമിലാണ് മൂന്നാം ഗോള്‍ ഫെലെയ്‌നിയിലൂടെ ബെല്‍ജിയം നേടിയത്. ഈ ഗോളിന് പിറകില്‍ ചെല്‍സി സ്‌ട്രൈക്കര്‍ മിഷി ബാഷുയിയുടെ ബുദ്ധിപരമായ നീക്കമുണ്ടായിരുന്നു.
ഈജിപ്ത് നിരയില്‍ അവരുടെ സൂപ്പര്‍ താരം മുഹമ്മദ് സാലയും ബെല്‍ജിയം നിരയില്‍ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനിയും ഇല്ലായിരുന്നു. ശനിയാഴ്ച പോര്‍ച്ചുഗലുമായി ഗോള്‍രഹിതമായി പിരിഞ്ഞ ബെല്‍ജിയത്തിന് ഈ ജയം ആശ്വാസമായി.

ഈ വിജയത്തില്‍ താന്‍ തൃപ്തനല്ലെന്ന് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു. ടീം ഇനിയും മെച്ചപ്പെടണം. ലോകകപ്പാണ് കളിക്കാന്‍ പോകുന്നത്. കളിക്കാര്‍ അവരുടെ മുഴുവന്‍ പ്രതിഭയും പുറത്തെടുക്കണം. വലിയ മത്സരങ്ങള്‍ ജയിക്കാനുള്ള മാനസിക കരുത്ത് ആര്‍ജിക്കണം – മാര്‍ട്ടിനെസ് പറഞ്ഞു.

മുഹമ്മദ് സാലയില്ലാത്ത ഈജിപ്തിനെയാണ് തോല്‍പ്പിച്ചത്. അയാള്‍ കളിച്ചിരുന്നെങ്കില്‍ ഈജിപ്ത് കുറേക്കൂടി മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു- മാര്‍ട്ടിനെസ് പറഞ്ഞു.

ഈജിപ്തിന്റെ സന്നാഹ മത്സരങ്ങള്‍ അവസാനിച്ചു. ബെല്‍ജിയത്തിന് ഒരു മത്സരം കൂടി ശേഷിക്കുന്നു. തിങ്കളാഴ്ച കോസ്റ്ററിക്കയുമായാണ് ബെല്‍ജിയത്തിന്റെ അവസാന സന്നാഹപ്പോര്.