Connect with us

Kerala

മൂവായിരം കര്‍ഷകര്‍ക്ക് കടാശ്വാസം

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,037 കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ ശിപാര്‍ശ നല്‍കിയതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ഇതുള്‍പ്പെടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 6,193 കര്‍ഷകര്‍ക്കായി 16,06,77,951 രൂപയുടെ കടാശ്വാസം നല്‍കുന്നത് ശിപാര്‍ശ ചെയ്തതായും കൃഷിമന്ത്രി പറഞ്ഞു. റൂള്‍ 300 പ്രകാരം നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമക്കിയത്. 2015 ഒക്‌ടോബര്‍ 31ന് മുമ്പ് കമ്മീഷന് ലഭിച്ച അപേക്ഷകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കര്‍ഷകര്‍ സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ വഴി എടുത്തിട്ടുള്ള കാര്‍ഷിക വായ്പയുടെ കുടിശ്ശികയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 217,00,78,529 രൂപ കാര്‍ഷിക കടാശ്വാസം നല്‍കുന്നതിനായി കമ്മീഷന്‍ ഇത് വരെ ശിപാര്‍ശ ചെയ്തിട്ടുണ്ട.് തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച് 189,21,36,046 രൂപയുടെ ആനുകൂല്യം ഇതുവരെ അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ചരിത്രപരമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കാര്‍ഷികാവശ്യത്തിന് വായ്പയെടുക്കുന്ന ഒരു കര്‍ഷകനും ആത്മഹത്യയിലേക്ക് പോകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ രൂപം നല്‍കിയ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരമേറ്റടുത്ത ശേഷം കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു കര്‍ഷക ആത്മഹത്യ പോലും സംസ്ഥാനത്ത് നടക്കാതിരിക്കാന്‍ ഇത് പ്രധാന കാരണമായിരുന്നു.

സംസ്ഥാനത്തെ കാര്‍ഷിക വായ്പകള്‍ എടുത്ത് തിരിച്ചടക്കാനാകാതെ ജീവിതം വഴിമുട്ടിയ കര്‍ഷകരെ സഹായിക്കാനാണ് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിക്കുന്ന വായ്പയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. വയനാട് ജില്ലയിലെ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിശ്ശികയായ കാര്‍ഷിക വായ്പകളും ഇതര ജില്ലകളില്‍ 2011 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവിലെ വായ്പകളുമാണ് ഇപ്പോള്‍ കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest