കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

ഉരുള്‍പൊട്ടലിന് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി
Posted on: June 8, 2018 6:04 am | Last updated: June 7, 2018 at 10:59 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. 11 വരെ വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണം.

കേന്ദ്ര മുന്നറിയിപ്പ് അവഗണിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകാം. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ അടിയന്തരമായി പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ഈ മാസം 11വരെ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കണം. മഴ ശക്തമായതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍മാര്‍ കൈയില്‍ കരുതണം. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തണം.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ മുഖാന്തിരം നടപടി സ്വീകരിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തണം.

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

അതിശക്തമായ മഴക്ക് മുന്നൊരുക്കമായി ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കണം. മഴക്കാല തയ്യാറെടുപ്പിന് ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തണം. ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററിന്റെ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തണം. തുടങ്ങിയവയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here