പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പോലീസിന് ഫുള്‍ എ പ്ലസ്

വീഴ്ചകളില്ലാതെ ബെഹ്‌റയുടെ 'പരിണാമ യാത്ര'
Posted on: June 8, 2018 6:03 am | Last updated: June 7, 2018 at 10:57 pm
SHARE

തിരുവനന്തപുരം: പോലീസിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുവെച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്. വലിയ നേട്ടങ്ങള്‍ക്കിടയില്‍ ചെറിയ വീഴ്ചകള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. പോലീസ് പ്രതിരോധത്തിലായ ഒരു കേസിനെ കുറിച്ച് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ലോക്‌നാഥ് ബെഹ്‌റയുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് കാര്‍ഡില്‍ പോലീസ് വീഴ്ചവരുത്തിയ നാല് സുപ്രധാന കേസുകള്‍ ഒഴിവാക്കി. സംസ്ഥാന പോലീസ് മേധാവിയായി ബെഹ്‌റ 2016 ജൂണ്‍ ഒന്നിന് ചുമതലയേറ്റത് മുതല്‍ തെളിയിച്ച പ്രധാന കേസുകള്‍ വിശദമാക്കുന്ന കേരള പോലീസിന്റെ ‘പരിണാമ യാത്രാ’ കുറിപ്പിലാണ് വീഴ്ചകള്‍ മൂടിവച്ചത്.

അടുത്തിടെ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി കൊലപാതകം, കോവളത്തെ വിദേശ വനിതയുടെ കൊലപാതകം, കെവിന്റെ ദുരഭിമാന കൊല, മലപ്പുറത്തെ തിയേറ്റര്‍ പീഡനം എന്നീ കേസുകളൊന്നും പട്ടികയിലില്ല. കേരള പോലീസ് ഇപ്പോഴും രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നുള്ള ഉള്ളടക്കത്തോടെയാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ചുമതലയേറ്റ ശേഷമുള്ള രണ്ട് വര്‍ഷത്തെ പോലീസിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ചകളെ കുറിച്ച് പരാമര്‍ശമില്ല. ജിഷ വധം, എ ടി എം തട്ടിപ്പ്, നന്ദന്‍കോട് കൂട്ടക്കൊല, നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് തുടങ്ങിയ കേസുകള്‍ എടുത്ത് ചൂണ്ടിക്കാട്ടി അന്വേഷണ നേട്ടങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പോലീസിന്റെ വലിയ നേട്ടങ്ങള്‍ക്കിടയില്‍ ചെറിയ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ അത് പെരുപ്പിച്ച് കാട്ടുന്നു. വീഴ്ചകള്‍ ഒഴിവാക്കാന്‍ ഒരുമിച്ച് പരിശ്രമിക്കണമെന്നുമാണ് ഡി ജി പിയുടെ ഉപദേശം. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തെളിയിച്ചെന്നും പ്രോഗ്രസ് കാര്‍ഡ് അവകാശപ്പെടുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങളിലും ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കീഴ് ഉദ്യോഗസ്ഥര്‍ക്കാണ് ഡി ജി പി പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കിയത്്. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പിടികൂടിയാണ് പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ എസ് പി അടക്കം സസ്‌പെന്‍ഷനിലാണ്. വിദേശ വനിത ലിഗയെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയ സഹോദരിയെ കളിയാക്കി വിട്ട പോലീസ് ഒരു മാസം കഴിഞ്ഞാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി സ്വീകരിക്കാന്‍ പോലും തയാറാകാത്ത പോലീസ് പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപണമുണ്ട്. എടപ്പാളില്‍ പെണ്‍കുട്ടി തിയേറ്ററില്‍ പീഡനത്തിനിരയായ പരാതി മുക്കിയ പോലീസ്, മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് നടപടി ആരംഭിച്ചത്. ഇത്തരം ആരോപണങ്ങള്‍ ‘പരിണാമ യാത്രയില്‍’ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന മറുചോദ്യം ചില ഉദ്യോഗസ്ഥര്‍ തന്നെ ഉന്നയിച്ചു.

രാജ്യത്ത് കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലെ ഉയര്‍ന്ന നിരക്ക് കേരളത്തിലാണെന്നും ഡി ജി പി അവകാശപ്പെടുന്നു. 93.53 ശതമാനം (2016). 2015ല്‍ ഇതു 91.90 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 6.52 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2016ല്‍ 7.07 ലക്ഷം കേസുകള്‍. ഇതേ കാലയളവില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ 597 എണ്ണത്തിന്റെയും പോക്‌സോ കേസുകളുടെ എണ്ണത്തില്‍ 575ന്റെയും വര്‍ധനയുമുണ്ടായി. കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷം പേരില്‍ 761 എന്നത് 690 ആയി കുറഞ്ഞു. വാഹനാപകട മരണ നിരക്കിലും പത്ത് ശതമാനം കുറവുണ്ടായെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here