സി എ ജി റിപ്പോര്‍ട്ട് പുറത്ത്: ശമ്പളം കൊടുത്ത് പ്രതിസന്ധിയിലായി

Posted on: June 8, 2018 6:02 am | Last updated: June 7, 2018 at 10:55 pm
SHARE

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാറിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതില്‍ പ്രധാന കാരണങ്ങളിലൊന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണമാണെന്ന് സി എ ജി റിപ്പോര്‍ട്ട്. പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് ശമ്പളവര്‍ധന നടപ്പാക്കിത്തുടങ്ങിയതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശമ്പളക്കുടിശ്ശിക കൂടി നല്‍കേണ്ടി വരുന്നതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതി വരുമാനവും ശമ്പളച്ചെലവും തമ്മിലുള്ള വ്യത്യാസം ഇനിയും വര്‍ധിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡി എന്നിവയാണ് ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകളുടെ കൂട്ടത്തിലുള്ളത്. 2016-17ലെ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡി എന്നിവക്കായി റവന്യൂ വരുമാനത്തിന്റെ 70 ശതമാനം വേണ്ടിവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും വര്‍ഷാവസാനം ഇത് 76 ശതമാനം കടന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനത്തില്‍ നല്ലൊരു പങ്കും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഉപയോഗിക്കുന്നത്. പലപ്പോഴും വാണിജ്യനികുതി, രജിസ്‌ട്രേഷന്‍, വാഹന നികുതി, സംസ്ഥാന എക്‌സൈസ്, ഭൂനികുതി തുടങ്ങിയവ ചേരുന്ന തനത് നികുതി വരുമാനത്തേക്കാള്‍ കൂടുതലാണ് ശമ്പള-പെന്‍ഷനുകള്‍ക്കായി ചെലവിടേണ്ടി വരുന്നത്. തനത് വരുമാനത്തേക്കാള്‍ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ കൂടി നില്‍ക്കുന്നത് കേരളത്തിലെ പതിവ് പ്രതിഭാസമാണെങ്കിലും പലപ്പോഴും കടമെടുക്കുന്ന പണം കൂടി ഇതിന് വിനിയോഗിക്കേണ്ടിവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കും. 2016-17ല്‍ ശമ്പളത്തിനും പെന്‍ഷനുമായി മുന്‍വര്‍ഷത്തെക്കാള്‍ 6,830 കോടി രൂപ കൂടുതല്‍ ചെലവഴിക്കേണ്ടി വന്നു. ഇതോടൊപ്പം സര്‍ക്കാറെടുത്ത വായ്പകള്‍ക്കുള്ള പലിശച്ചെലവും ഇക്കാലത്ത് വര്‍ധിച്ചിരുന്നു. 12,117 കോടി രൂപയായിരുന്നു 2016-17ലെ പലിശച്ചെലവ്. എന്നാല്‍, ആ വര്‍ഷത്തെ പെന്‍ഷന്‍ ചെലവ് 15,277 കോടിയിലെത്തിയിരുന്നു. അഥവാ ഒരുവര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ ആവശ്യമായ തുകയുടെ ഏകദേശം 80 ശതമാനത്തോളം തുകയാണ് ഇപ്പോള്‍ പലിശയായി നല്‍കുന്നത്.

2016-17ല്‍ കേരളത്തിലെ ആകെ നികുതി വരുമാനം 42,177 കോടി രൂപയായിരുന്നു. എന്നാല്‍, ആ വര്‍ഷം ശമ്പളത്തിനും പെന്‍ഷനുമായി ചെലവിട്ടത് 43,650 കോടി രൂപയായിരുന്നു. സംസ്ഥാനത്തിനകത്ത് നിന്ന് പിരിക്കുന്ന നികുതി വരുമാനത്തെക്കാള്‍ 1,473 കോടി രൂപയാണ് അധികമായി ആ വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാന്‍ ചെലവഴിച്ചത്. കിഫ്ബിയിലൂടെ വന്‍തോതില്‍ ബജറ്റിതര വിഭവം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ തന്നെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാകേണ്ട തനതുവരുമാനം ദുര്‍ബലപ്പെടുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. തനത് വരുമാനവും ശമ്പള- പെന്‍ഷന്‍ ചെലവും തമ്മിലുള്ള ഈ വിടവിനെക്കുറിച്ച് അഞ്ചാം ശമ്പളക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.