ഗ്വാട്ടിമല അഗ്നിപര്‍വത സ്‌ഫോടനം; മരണം നൂറ് കവിഞ്ഞു

Posted on: June 8, 2018 6:03 am | Last updated: June 7, 2018 at 10:21 pm
SHARE
ചാരം മൂടിയ വീടുകള്‍ക്കുള്ളില്‍ പരിശോധന നടത്തുന്ന ദുരന്ത നിവാരണ സംഘത്തിലെ അംഗങ്ങള്‍

ഗ്വാട്ടിമല സിറ്റി: മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം നൂറായി. മരിച്ചവരില്‍ 28 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായതെന്ന് നാഷനല്‍ ഫോറന്‍സിക് സയന്‍സ് അറിയിച്ചു. അതിനിടെ, കഴിഞ്ഞ ദിവസവും അഗ്നിപര്‍വതത്തില്‍ നിന്ന് തീയും പുകയും ലാവയും പുറത്തേക്ക് വന്നിരുന്നു. ചുറ്റുഭാഗത്തുമുള്ള പ്രദേശങ്ങള്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ചാരത്തില്‍ മൂടിക്കിടക്കുകയാണ്. കാണാതായവരുടെ എണ്ണം ഇതിനകം 200 കവിയുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സഹായം പ്രതീക്ഷിച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കാണിക്കാതിരിക്കുന്ന പ്രസിഡന്റ് ജിമ്മി മോറല്‍സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം ശക്തമാകുകയാണ്. ഫ്യൂഗോ അഗ്നിപര്‍വത സ്‌ഫോടനം മൊത്തം 17 ലക്ഷം പേരെ ബാധിച്ചതായി ഗ്വാട്ടിമല ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഇതിനകം, 12000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. അതിനിടെ ദുരന്ത നിവാരണ സഹായവുമായി റെഡ് ക്രോസും റെഡ് ക്രസന്റും രംഗത്തെത്തി. മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ സജീവമായ 34 അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് ഗ്വാട്ടിമലയിലെ ഫ്യൂഗോ അഗ്നിപര്‍വതം.