ഉന്‍- ട്രംപ് കൂടിക്കാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സിംഗപ്പൂര്‍

Posted on: June 8, 2018 6:01 am | Last updated: June 7, 2018 at 10:10 pm
SHARE

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നതായി സിംഗപ്പൂര്‍ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുന്നുണ്ടെന്നും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ നിന്ന് ശുഭകരമായ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ വാഷിംഗ്ടണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25,000 മാധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ സിംഗപ്പൂരിലെത്തും. സിംഗപ്പൂരിലെ പ്രശസ്തമായ സെന്റോസ ദ്വീപിലാണ് കൂടിക്കാഴ്ചക്കുള്ള വേദിയൊരുക്കിയിരിക്കുന്നത്.

കൂടിക്കാഴ്ചക്ക് സിംഗപ്പൂരിനെ തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുണ്ടെന്നും ഇരു നേതാക്കളും സിംഗപ്പൂരിനെ വിശ്വസിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി എന്തും ചെയ്യാന്‍ സിംഗപ്പൂര്‍ എപ്പോഴും ഒരുക്കമാണ്. സുരക്ഷ, നയതന്ത്ര സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഒരുക്കങ്ങളും യഥാക്രമം പുരോഗമിക്കുന്നുവെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. കൂടിക്കാഴ്ചക്കിടെ ശുഭകരമായ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഒരൊറ്റ കൂടിക്കാഴ്ചയില്‍ മാത്രം കൊറിയന്‍ മേഖല നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായി സഹകരിച്ചാണ് സിംഗപ്പൂര്‍, കൂടിക്കാഴ്ചക്കുള്ള സുരക്ഷയൊരുക്കുന്നത്. സെന്റോസ ദ്വീപും കൂടിക്കാഴ്ച നടത്തുന്ന കാപെല്ല ഹോട്ടലും ശക്തമായ സുരക്ഷക്ക് കീഴിലാകും ഇനിയുള്ള ദിവസങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here